k-ral

കണ്ണൂർ: സിൽവർ ലൈനിൽ കണ്ണൂരിന്റെ മനസ്സറിയാൻ ഇന്ന് രാവിലെ 10ന് ദിനേശ് ഓഡിറ്റോറിയത്തിൽ പൗരപ്രമുഖരുടെ യോഗം ചേരും. തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ കക്ഷിനേതാക്കളും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.

കണ്ണൂരിൽ സാമൂഹികാഘാത പഠന സർവ്വേ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ വോളണ്ടിയർ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനമാണ് സാമൂഹികാഘാത പഠന സർവ്വേ നടത്തുന്നത്. നൂറു ദിവസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാരുമായി ഇവരുടെ കരാർ.

പയ്യന്നൂർ മേഖലയിലെ 13 വില്ലേജുകളിലാണ് ആദ്യം സർവ്വേ നടത്തുന്നത്. ഇതിനായി 24 വളണ്ടിയർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഏജൻസി പ്രതിനിധികളും വോളണ്ടിയർമാരും ചേർന്ന് ഒരു ദിവസം പത്തു വീടുകൾ കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുന്നത്. ആകെ 5000 ഭൂഉടമകളിൽ നിന്നാണ് കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത റിപ്പോർട്ട് ശേഖരിക്കേണ്ടത്.
25 ദിവസത്തിനുള്ളിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഏജൻസിയുടെ കണക്കുകൂട്ടൽ . ഇതിനു ശേഷം കരട് റിപ്പോർട്ട് ഓരോ വില്ലേജിലും പബ്ളിക് ഹിയറിംഗിന് വയ്ക്കും. ഇവിടെനിന്നു വീണ്ടും പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന ഫീഡ്ബാക്ക് കൂടി രേഖപ്പെടുത്തിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നത്.