തളിപ്പറമ്പ്: കാക്കാത്തോട് ബസ് സ്റ്റാൻഡിൽ നിറുത്തിയിട്ട സ്വകാര്യ ബസ് സാമൂഹ്യദ്രോഹികൾ അടിച്ചുതകർത്തു. തളിപ്പറമ്പ്- മണക്കടവ് റൂട്ടിലോടുന്ന ദേവി ബസാണ് കഴിഞ്ഞ ദിവസം രാത്രി തകർത്തത്. ബസിന്റെ മുൻവശത്തെയും പിറകുവശത്തെയും ഗ്ലാസുകൾ പൂർണ്ണമായും അടിച്ചുതകർത്തു. ടയറുകൾ കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മാറ്റിയിട്ട പുതിയ ടയറാണ് നശിപ്പിച്ചത്. കഴിഞ്ഞ 25 വർഷമായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് വർഷങ്ങളായി കാക്കാത്തോട് ബസ് സ്റ്റാൻഡിലാണ് നിറുത്തിയിടാറ്. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് ജീവനക്കാർ ബസ് നിറുത്തി പോയത്. ഇന്നലെ പുലർച്ചെയാണ് സംഭവം അറിയുന്നത്. ബസ് ഉടമ മണക്കടവ് സ്വദേശി രഞ്ജിത്ത് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി നിരീക്ഷണ കാമറ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് ബസ് ഓപ്പറേറ്റീവ് വെൽവെയർ അസോസിയേഷൻ ഭാരവാഹികൾ പ്രതിഷേധിച്ചു.