ചെറുവത്തൂർ: കൊടക്കാട് പാടിക്കീലിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എൻ.വി. ഹർഷിതിന് ഒരാഗ്രഹമേ ഉള്ളൂ. അച്ഛന്റെ ചുമലിൽ നിന്നറങ്ങി സ്വതന്ത്രമായി യാത്ര ചെയ്യണം. അനാരോഗ്യം കാരണം കുഞ്ഞുനാളു മുതൽ പത്തു വർഷത്തോളമായി അച്ഛനെ ആശ്രയിച്ചു സഞ്ചരിച്ചിരുന്ന ഈ കൊച്ചു ബാലന്റെ അൽപ്പം പ്രായമായപ്പോഴുള്ള ആഗ്രഹം സ്വാഭാവികം മാത്രം.
ജന്മനാൽ സ്പൈനൽ മസ്ക്കുലാർ അട്രോഫി ബാധിച്ച ഈ കുട്ടിയുടെ ആഗ്രഹം സഫലമാകണമെങ്കിൽ ഒരു കൂലിപ്പണിക്കാരനായ പിതാവിനെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമല്ല. ഒരു വയസ്സായിട്ടും നടക്കാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിനെ ബാധിച്ച ഗുരുതര രോഗം സ്ഥിരീകരിച്ചത്. മംഗളുരു, ബംഗളുരു, തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദഗ്ദ്ധ ചികിത്സ നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ല. നിലവിൽ നട്ടെല്ല് വളയുന്നതാണ് കുടുംബത്തെ ഏറെ പ്രതിസന്ധിയിലാഴ്ത്തിയത്. ലോറി ഡ്രൈവറായ പിതാവ് എ.വി. ഹരീഷും, വീട്ടമ്മയായ മാതാവ് എൻ.വി. വിജിനയും എന്നും കൂട്ടായ് മകനൊപ്പമുണ്ട്. പിതാവ് ഹരീഷ് എടുത്താണ് ഹർഷിതിനെ വീടിനടുത്തുള്ള പാടിക്കീൽ ഗവ: യു പി. സ്ക്കൂളിലേക്കും തിരിച്ചും കൊണ്ടുപോകുന്നത്. ഒരു ഇലക്ട്രോണിക് വീൽ ചെയറിന് അപേക്ഷ നൽകി മാസങ്ങളായിട്ടും കിട്ടിയില്ല.
മകന് ഭക്ഷണം കഴിക്കാൻ നേരത്തും, മൂത്രമൊഴിക്കാൻ കൊണ്ടു പോകാനുമൊക്കെയായി മാതാപിതാക്കളിലൊരാൾ എന്നും വിദ്യാലയത്തിൽ തന്നെ വേണം. ഒരു മാസം ആറുലക്ഷം രൂപ ചിലവുവരുന്ന മരുന്ന് കഴിച്ചാൽ ഭേദപ്പെടുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ദിവസേന ഫിസിയോ തെറാപ്പിക്കായ് വരുന്ന 360 രൂപയ്ക്കുതന്നെ ഇവരുടെ കുടുംബം പാടുപെടുകയാണ്.
സർക്കാർ സംവിധാനമോ, സംഘടനകളോ, വ്യക്തികളോ സഹായിച്ചാൽ പഠിത്തത്തിൽ സമർത്ഥനായ ഹർഷിതിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിക്കും. കുട്ടിക്ക് പൂർണ പിന്തുണ നൽകി സ്കൂളിലെ പ്രധാന അധ്യാപകനും ബി.ആർ.സി.റിസോഴ്സ് അധ്യാപികയും മറ്റ് അധ്യാപകരും കൂടെയുണ്ട്.