വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തു
വൈസ് പ്രസിഡന്റ് രേഖ രാജിവച്ചു

ആലക്കോട്: കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പിണഞ്ഞ അമളി കോൺഗ്രസ് തിരുത്തുന്നു. 19 വാർഡുകളുള്ള പഞ്ചായത്തിൽ 12 വാർഡുകളിലും വിജയിച്ച യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാനിടയാക്കിയ സംഭവത്തിലാണ് പാർട്ടി തെറ്റുതിരുത്തൽ. വിമത അംഗങ്ങളെ പാർട്ടിയിലേക്ക് തിരികെയെത്തിച്ച് എൽ.ഡി.എഫ് ഭരണം അട്ടിമറിക്കുകയാണ് ലക്ഷ്യം.

വിളക്കന്നൂർ വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച രേഖ രഞ്ജിത്ത്, പാത്തൻപാറയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിക്കുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്ന വിപ്പ് ലംഘിച്ച് വിമതസ്ഥാനാർത്ഥിക്ക് വോട്ടുചെയ്യുകയുമുണ്ടായ സെബാസ്റ്റ്യൻ വിലങ്ങോലിൽ എന്നിവരെയാണ് കോൺഗ്രസ് തിരിച്ചെടുത്തത്.

ഇവർക്കൊപ്പം പാർട്ടിയിൽ നിന്നും പുറത്തായ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി, ലിസി തൂമ്പുക്കൽ എന്നിവരെ തിരിച്ചെടുക്കാനുള്ള ചർച്ചകൾ നടക്കുകയുമാണ്. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് മേധാവിത്വത്തിന് കോട്ടം തട്ടുമെന്നതിനാൽ ബേബി ഓടംപള്ളിക്ക് പ്രസിഡന്റ് പദവി നൽകാതിരിക്കുവാൻ എ ഗ്രൂപ്പ് നടത്തിയ നീക്കങ്ങളാണ് യു.ഡി.എഫിന്റെ എക്കാലത്തെയും ഉരുക്കുകോട്ടയായി അറിയപ്പെടുന്ന നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെടാനിടയാക്കിയത്.

ഐ ഗ്രൂപ്പിന്റെ മലയോരത്തെ അറിയപ്പെടുന്ന നേതാവായ ബേബി ഓടംപള്ളി മൂന്നാംവട്ടം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അദ്ദേഹത്തെ പ്രസിഡന്റ് ആക്കണമെന്ന് ഐ വിഭാഗം ആവശ്യമുന്നയിച്ചു. എ ഗ്രൂപ്പ് നേതൃത്വം വഴങ്ങാതെവന്നതോടെ ബേബി ഓടംപള്ളി ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുകയായിരുന്നു. സി.പി.എമ്മിന്റെ ആറു പേരും രേഖ രഞ്ജിത്ത് ഉൾപ്പെടെ രണ്ട് സ്വതന്ത്രരും ബേബിക്ക് വോട്ട് ചെയ്തു. കൂടാതെ, കോൺഗ്രസ് വിപ്പ് ലംഘിച്ച് ലിസി തൂമ്പുക്കൽ, സെബാസ്റ്റ്യൻ വിലങ്ങോലിൽ എന്നിവരും ബേബി ഓടംപള്ളിക്ക് വോട്ട് ചെയ്തതോടെ ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായി.

വിമതരെ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി രഞ്ജിത്തിന്റെ ഭാര്യയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രേഖ രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് കോൺഗ്രസിന് നൽകിയ കത്ത് പരിഗണിച്ച് പാർട്ടിയിൽ അവരെ പാർട്ടിയിൽ തിരിച്ചെടുത്തു.

തിരിച്ചെടുത്തതായ പ്രചാരണം

നിഷേധിച്ച് ബേബി ഓടംപള്ളി

ഭരണം നഷ്ടപ്പെട്ട് ഒരുവർഷം പിന്നിട്ടപ്പോഴാണ് കോൺഗ്രസിൽ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കമാരംഭിച്ചത്. രേഖ രഞ്ജിത്തും സെബാസ്റ്റ്യൻ വിലങ്ങോലിയും നേതൃത്വത്തിന് നൽകിയ കത്തിനെത്തുടർന്ന് ഇവരെ തിരിച്ചെടുക്കുകയായിരുന്നു. എന്നാൽ ബേബി ഓടംപള്ളിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുന്നതേയുള്ളുവെന്നാണ് അറിയുന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ചു എന്നുള്ള വാർത്ത നിഷേധിച്ച ബേബി ഓടംപള്ളി തന്നെ കോൺഗ്രസിൽ തിരിച്ചെടുത്തതായ വാർത്തയും നിഷേധിച്ചു.