തളിപ്പറമ്പ്: കഞ്ചാവ് കേസിൽ ഹൈദരാബാദിൽ പൊലീസ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട തളിപ്പറമ്പ് സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടി. പുളിമ്പറമ്പ് ലക്ഷംവീട് കോളനിയിലെ തെരപറൻ ഗോകുൽ(28) ആണ് പിടിയിലായത്. ഇന്നലെ തളിപ്പറമ്പ പൊലിസിന്റെ സഹായത്തോടെ ഇയാളുടെ വീട് വളഞ്ഞാണ് പിടികൂടിയത്.
ഹൈദരാബാദിൽ നിന്നും ഗോകുലിനെ 22 കിലോ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശിക്കൊപ്പം പിടികൂടി ലോക്കപ്പിലടച്ചിരുന്നു ഗോകുൽ അവിടുത്തെ സ്റ്റേഷനിൽ നിന്ന് 32,000രൂപയും ഒരു മൊബൈൽ ഫോണും കവർന്ന് ഒഡീഷക്കാരനൊപ്പം രക്ഷപ്പെടുകയായിരുന്നു. ഒഡീഷക്കാരനെ പിന്നീട് പിടികൂടിയെങ്കിലും ഗോകുലിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഗോകുൽ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസിലെ എസ്.ഐയെയും മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിരു ന്നു.
ഗോകുൽ തളിപ്പറമ്പ് സ്വദേശിയാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഹൈദരാബാദ് പൊലീസ് തളിപ്പറമ്പ പൊലീസുമായി ബന്ധപ്പെട്ടു. ഗോകുൽ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് ഇന്നലെ പുലർച്ചെ പൊലീസ് വീട് വളഞ്ഞ് പിടി കൂടിയത്. ഹൈദരാബാദിൽ നിന്നെത്തിയ സി.ഐ. ഗണേശൻ, എസ്.ഐ. എം. വെങ്കിട്ടറാവു, സീനിയർ സി.പി.ഒ അമൻ എന്നിവർ ഗോകുലിനെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയശേഷം ഹൈദരാബാദിലേക്ക് കൊണ്ടുപോയി.
2021 ഏപ്രിൽ രണ്ടിന് ബക്കളം ബാറിൽ വെച്ച് പരിചയപ്പെട്ട ചൊക്ലി ഒളവിലം മനോജ് കുമാറിന്റെ കാറിൽ നിന്ന് എ.ടി.എം കാർഡ് കൈക്കലാക്കി പണം കവർന്ന കേസിലെ പ്രതിയാണ് ഗോകുൽ. ഈ കേസിൽ ഗോകുലിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ ഗോകുൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഗോകുലിനെ 22 കിലോ കഞ്ചാവ് സഹിതം ഒഡീഷ സ്വദേശിക്കൊപ്പം ഹൈദരാബാദിൽ പിടികൂടുന്നത്. ബക്കളത്തെ എ.ടി.എം കവർച്ചാക്കേസന്വേഷണത്തിന്റെ ഭാഗമായി എന്ന വ്യാജേന ഗോകുലിന്റെ സഹോദരിയുടെ എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയ കേസിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ശ്രീകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.