paint
ഇലക്ട്രിക് പോസ്റ്റിൽ പെയിന്റിംഗ് ജോലിയിലേർപ്പെട്ട എൻ.എസ്.പുഷ്പ

പാപ്പിനിശേരി: കല്യാശ്ശേരിയിലെ പി.സി.ആർ. ബാങ്കിന്റെ വൈദ്യുതി സ്ട്രക്ചറുകളിൽ പെയിന്റടിക്കുന്ന ദമ്പതിമാരെ കണ്ട നാട്ടുകാരിൽ പലർക്കും അത്ഭുതമായിരുന്നു. പുരുഷന്മാർ പോലും പ്രയാസപ്പെടുന്ന തരത്തിൽ തൂണുകളിൽ കയറി ജോലി ചെയ്യുന്ന പുഷ്പ.കൂടെ ഭർത്താവ് പി.കെ.ആഷു.സ്വന്തം കുടുംബം പുലർത്താനല്ല കഠിനമായ ഈ ജോലി ഇവർ ചെയ്യുന്നതെന്നുകൂടി അറിഞ്ഞപ്പോൾ കണ്ടുനിന്നവരുടെ അത്ഭുതം ആദരവിലേക്ക് മാറി.

കിട്ടുന്ന ജോലിയിൽ നിന്നുള്ള വരുമാനം അശരണരായ ആളുകൾക്ക് ഭക്ഷണം നൽകുന്നതിനാണ് കാലങ്ങളായി ഈ ദമ്പതിമാർ നീക്കിവെക്കുന്നത്. കോഴിക്കോട് സ്വദേശി പി.കെ. ആഷുവും ഭാര്യ ബത്തേരി സ്വദേശിനി എൻ.എസ്.പുഷ്പയും കല്യാശ്ശേരിയിലെത്തിയതും ഇതെ ഉദ്ദേശത്തോടെ തന്നെ.
. ഇലക്ട്രിക്കൽ എൻജീനീയറാണ് ആഷു. ഭാര്യ പുഷ്പ മികച്ച ഗായികയും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അശരണരെ സഹായിക്കുന്നതിനായി പല ജോലികളും ഇവർ ഏറ്റെടുത്തിട്ടുണ്ട്. ജോലി എത്ര ദുഷ്‌കരമായാലും ഇരുവരും ഏറ്റെടുക്കും. പാവങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷമാണ് ഇവരുടെ ആഹ്ലാദം.

ലോക്ക്ഡൗണിൽ അന്നമൂട്ടിയ കൈകൾ
കഴിഞ്ഞ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് പട്ടണത്തിലെ അലഞ്ഞു തിരിയുന്ന നൂറ് പേർക്ക് കോഴിക്കോട് കസബ പോലീസിന്റെ സഹായത്തോടെ ഭക്ഷണം നൽകിയിട്ടുണ്ട് ഈ ദമ്പതികൾ .ഇപ്പോഴും നഗരത്തിൽ എല്ലാ ഞായറാഴ്ചയും ഭക്ഷണം നൽകുന്നുണ്ട് .ഇതോടൊപ്പം വയനാട്ടിലെ ആദി വാസി ഊരുകളിൽ വസ്ത്രങ്ങളും ഭക്ഷണകിറ്റുകളുമായി നിരന്തരയാത്രയും ഇവർക്കുണ്ട്.