krail
സിൽവർ ലൈൻ' അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദുരീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിശദീകരണ യോഗം 'ജനസമക്ഷം സിൽവർ ലൈൻ' കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരളത്തിന്റെ വരുന്ന 50 വർഷക്കാലത്തെ ഭാവി നിർണയിക്കുന്ന സുപ്രധാന പദ്ധതിയായ സിൽവർലൈൻ ജന പിന്തുണയോടെ നടപ്പാക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കണ്ണൂർ ജില്ലയിലെ വിശദീകരണ യോഗമായ ജനസമക്ഷം സിൽവർലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർദ്ധ അതിവേഗ റെയിൽ പദ്ധതി. ലോകത്തിന്റെ വേഗത്തിനൊപ്പം നമ്മുടെ നാടും പുരോഗമിക്കണമെങ്കിൽ അടിസ്ഥാനസൗകര്യം വികസിക്കണം. നമ്മുടെ റോഡുകളിൽ ഗതാഗത കുരുക്ക് വലിയൊരു പ്രശ്‌നം തന്നെയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടുന്ന ശ്രമങ്ങളാണ് ഈ സർക്കാർ നടപ്പിലാക്കി വരുന്നത്. ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുത്തും അവർക്ക് അർഹമായ നഷ്ടപരിഹാരം നൽകിയുമാണ് ഭൂമിയേറ്റെടുത്തത്. ആദ്യ ഘട്ടത്തിൽ ഈ പദ്ധതിക്ക് എതിരായി വലിയ പ്രക്ഷോഭമാണ് ജനം നടത്തിയത്. എതിർപ്പിന്റെ മുന്നിൽ പദ്ധതി ഉപേക്ഷിക്കാതെ കൂടെ നിർത്തി അവരുടെ പ്രശ്‌നങ്ങൾ പരമാവധി പരിഹരിച്ചാണ് ദേശീയപാതാ വികസനവുമായി സർക്കാർ മുന്നോട്ട് പോയത്. ഇങ്ങനെ തന്നെയാണ് ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും കൂടംകുളം പവർ ഹൈവേയും നടപ്പിലാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്. കെ റെയിൽ എം.ഡി വി.അജിത്കുമാർ പദ്ധതിയുടെ വിശദമായ അവതരണം നടത്തി. സദസ്സിന്റെ ചോദ്യങ്ങൾക്ക് എം.ഡി മറുപടി പറഞ്ഞു. കെ റെയിൽ ഡയറക്ടർ പി.ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറി ജി.അനിൽകുമാർ നന്ദിയും പറഞ്ഞു.

ദേശീയപാതയിൽ എതിർത്തവർ പിന്തുണച്ചു

നമ്മുടെ നാട്ടിലെ പല പദ്ധതികളും നടപ്പിലായതിന് ശേഷം ജനങ്ങൾക്ക് മനസിലായിട്ടുണ്ട്.തളിപ്പറമ്പിലെ വയൽക്കിളി സമരം ദേശീയ വാർത്തയായിരുന്നു. എന്നാൽ അന്ന് ദേശീയ പാത വികസനത്തിന് എതിർത്തവർ തന്നെ ആ പദ്ധതിയെ പിന്നീട് പിന്തുണച്ചു. അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കുമോ എന്നതാണ് സാധാരണ ജനങ്ങളുടെ ആശങ്ക. ഈ ആശങ്കകൾ പഠിച്ചു, പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.