തൃക്കരിപ്പൂർ: പാരമ്പര്യ വൈദ്യൻ കൃഷ്ണ പ്രസാദ് വൈദ്യർക്ക് സാമൂഹ്യ വനവൽക്കരണ വിഭാഗം വനം വകുപ്പ് ഏർപ്പെടുത്തിയ ജൈവവൈവിദ്ധ്യ പ്രവർത്തനങ്ങൾക്കുള്ള വനമിത്ര പുരസ്കാരം. പിതാവും പാരമ്പര്യ വൈദ്യനുമായിരുന്ന കൃഷ്ണൻ വൈദ്യരുടെ പിൻഗാമിയായി കാലങ്ങളായുള്ള പരിസ്ഥിതി - ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങളുമായുള്ള സജീവമായ ഇടപെടലാണ് തൃക്കരിപ്പൂർ വടക്കേകൊവ്വൽ സ്വദേശിയെ പുരസ്കാര നിറവിലെത്തിച്ചത്.

2014ൽ പ്രകൃതി മിത്ര അവാർഡ് ലഭിച്ചിരുന്നു. 2003 ൽ കാസർകോട്ടു നടന്ന ഔഷധ സസ്യ പ്രദർശനത്തോട്ടത്തിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആയുർവ്വേദ മരുന്ന് നിർമ്മാതാക്കളുടെ സംഘടന ഏറ്റവും നല്ല മരുന്നു നിർമ്മാതാവിനുള്ള അവാർഡും നൽകിയിരുന്നു. നെഹ്റു യുവക് കേന്ദ്രയുടെ പുതു സംരംഭകത്വ അവാർഡ്, ഇന്ത്യൻ ജേസീസിന്റെ നല്ല പ്രസിഡന്റിനുള്ള റീജണൽ അവാർഡ്, പാരമ്പര്യ വൈദ്യനുള്ള ശ്രേഷ്ഠ വൈദ്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

നിലവിൽ കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂർ മേഖലാ ജനറൽ സെക്രട്ടറിയും അക്ഷരഗ്രന്ഥാലയം സെക്രട്ടറിയുമാണ്. തൃക്കരിപ്പൂരിലെ പ്രശസ്തനായ പരേതനായ കെ.എം. കൃഷ്ണൻ വൈദ്യരുടെയും കെ.വി മാധവിയുടെയും മകനാണ്. ഭാര്യ: കെ.ടി സുജയ (അദ്ധ്യാപിക എ.എൽ.പി.എസ് വലിയപറമ്പ). മക്കൾ: ഹരി കെ. പ്രസാദ്, ധനുഷ് കെ. പ്രസാദ്.