കാസർകോട്: കൊവിഡ് നിയന്ത്രണം കാരണം പ്രതിനിധി സമ്മേളനത്തിൽ മാത്രം ഒതുക്കിയെങ്കിലും സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ആവേശക്കടലിലാണ് മടിക്കൈ ഗ്രാമം. പ്രതിനിധികൾ ഒഴിച്ച് മറ്റാരും സ്ഥലത്തേക്ക് വരേണ്ടെന്ന് സംഘാടക സമിതിയുടെ നിർദ്ദേശം ഉണ്ടായെങ്കിലും പാർട്ടി ഉരുക്കുകോട്ടയിലെ നാട്ടുകാർ സമ്മേളന നഗരി കാണാനും ഒരുക്കങ്ങൾ നേരിട്ടറിയാനും അമ്പലത്തുകരയിൽ എത്തുകയാണ്.
ഇതാദ്യമായി ജില്ലാ സമ്മേളനം നടക്കുന്ന മടിക്കൈ ഗ്രാമം മുഴുവൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും മാസ്ക്കും സാനിറ്റൈസറും കരുതിയും അക്ഷരാർത്ഥത്തിൽ സമ്മേളന വീഥികൾ സജീവമാക്കുകയാണ്. പതിനായിരങ്ങൾ അണിനിരക്കുന്ന പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കുകയും ആവേശം വിതറുന്ന കൊടി, കൊടിമര, ദീപശിഖ ജാഥകൾ ലളിതമാക്കുകയും ചെയ്തതിന്റെ നിരാശയിലാണ് മടിക്കൈയിലെ പാർട്ടി പ്രവർത്തകർ. ഈ നിരാശ സമ്മേളനനഗരിയിലെ കാഴ്ചകളിലൂടെ തീർക്കുകയാണ് പ്രവർത്തകർ.
പ്രതിനിധി സമ്മേളനം നടക്കുന്ന അമ്പലത്തുകരയിലെ ഓഡിറ്റോറിയവും പരിസരവും നേതാക്കളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി ഭാരവാഹികളും സി.പി.എം നേതാക്കളും ഇന്നലെ രാവിലെ മുതൽ സമ്മേളന നഗരിയിൽ ഉണ്ടായിരുന്നു. കുറെ ദിവസങ്ങളായി രാവും പകലും സമ്മേളനത്തിനുവേണ്ടി മാറ്റിവെച്ചാണ് ഇവരുടെ പ്രവർത്തനം. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, സംഘാടക സമിതി ചെയർമാൻ കെ.പി സതീഷ് ചന്ദ്രൻ, ജനറൽ കൺവീനർ സി. പ്രഭാകരൻ, വൈസ് ചെയർമാൻ വി.കെ രാജൻ, ഏരിയ സെക്രട്ടറി എം. രാജൻ, കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മടിക്കൈ ബാങ്ക് പ്രസിഡന്റുമായ ബേബി ബാലകൃഷ്ണൻ, ഏരിയ കമ്മറ്റി അംഗം സി. പ്രകാശൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം തുടങ്ങിയ നേതാക്കൾ സദാസമയവും അമ്പലത്തുകരയിൽ പ്രവർത്തകരുടെ കൂടെയുണ്ടായി. ഓഡിറ്റോറിയത്തിന്റെ ചൂടുകുറയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കിയും വേദി മനോഹരമാക്കുന്നതിനുള്ള മിനുക്കുപണികൾക്ക് നേതൃത്വം നൽകിയും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി ശോഭ ബാലനും സജീവമായിരുന്നു.
കർഷക പോരാട്ടങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച്, ചരിത്രത്തിൽ ഇടംനേടിയ മടിക്കൈ ഗ്രാമം പ്രതിനിധി സഖാക്കളെ വരവേൽക്കാൻ പൂർണമായും സജ്ജമായിരിക്കുകയാണ്.
സി.പി.എം കാസർകോട് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രതിനിധികളെ വരവേൽക്കുന്നതിന് ഒരുക്കിയ അമ്പലത്തുകരയിലെ കെ. ബാലകൃഷ്ണൻ നഗർ