ചെറുവത്തൂർ: കൊവിഡിന്റെ മൂന്നാം തരംഗവ്യാപനം അതിരൂക്ഷമായി വിദ്യാലയങ്ങൾ വീണ്ടും ഓൺലൈൻ രീതിയിലേക്ക് നീങ്ങുമ്പോൾ ഏറെ വ്യത്യസ്ത വിദ്യാഭ്യാസ രീതിയുമായി ചന്തേര സ്കൂൾ.
ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ടീച്ചർമാരെ കാണാം. അവർ ഓരോ ദിവസം ചെയ്യേണ്ട പ്രവർത്തനങ്ങൾ പറഞ്ഞു തരും. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടയ്ക്കുമ്പോൾ കുട്ടികൾക്കായി വേറിട്ടൊരു പ്രവർത്തന പുസ്തകം ഒരുക്കി ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂൾ മൂന്നാം തരം വിദ്യാർത്ഥികളാണ് "കൂടെ " എന്ന പ്രവർത്തന പുസ്തകത്തിനൊപ്പം കൂട്ടുകൂടുക.
കുട്ടികളുടെ പഠന നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് 30 പേജുള്ള പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രവർത്തനവും എങ്ങിനെ ചെയ്യണമെന്ന് ടീച്ചർമാർ തന്നെ പറഞ്ഞു കൊടുക്കും. അതിനാണ് ക്യൂ ആർ കോഡ് സ്കാൻ ചെയ്യേണ്ടത്. വ്യായാമങ്ങൾ, സ്കൂൾ വീഡിയോ എന്നിവയെല്ലാം ഇങ്ങനെ കാണാം. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന് കുട്ടികൾ വിദ്യാലയങ്ങളുടെ ഭാഗമായി കഴിഞ്ഞിരുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികളെ എങ്ങിനെ പഠനത്തോട് ചേർത്ത് നിർത്താം എന്ന ചിന്തയിൽ നിന്നാണ് ടീച്ചർമാരെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന തരത്തിൽ ഇങ്ങനെയൊരു പ്രവർത്തന പുസ്തകം ഒരുക്കാൻ പ്രേരിപ്പിച്ചത്. ഇതിനൊപ്പം പുസ്തകസഞ്ചിയും കുട്ടികൾക്ക് നൽകി. വീട്ടിലിരുന്ന് വായിക്കാൻ ലൈബ്രറി പുസ്തകങ്ങളാണ് സഞ്ചിയിലുള്ളത്. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് കുറിപ്പെഴുതാൻ "കൂടെ " പ്രവർത്തന പുസ്തകത്തിൽ പേജുകൾ ഉണ്ട്. സ്കൂൾ പ്രധാനാധ്യാപിക സി.എം. മീനാകുമാരി പ്രവർത്തന പുസ്തകം പ്രകാശനം ചെയ്തു. വിനയൻ പിലിക്കോട്, ടി. റജിന, .പി.പി. ധന്യ സംസാരിച്ചു.
പുസ്തക സഞ്ചിയും "കൂടെ " പ്രവർത്തന പുസ്തകവുമായി കുട്ടികൾ