
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. കോഴിക്കോട് നാദാപുരം സ്വദേശിനിയായ ജസീലയിൽ നിന്നും 11 വയസുകാരിയായ മകളിൽ നിന്നുമാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഇരുവരും.
ചെക്കിംഗ് പരിശോധനയിൽ അമ്മയെയും മകളെയും കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം പാന്റിനുള്ളിൽ തേച്ചുപിടിപ്പിച്ച് അതിനു മുകളിൽ തുണി തുന്നി ചേർത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലുളള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. 528 ഗ്രാം സ്വർണമാണ് ഇരുവരിൽ നിന്നുമായി പിടിച്ചെടുത്തത്. പിടികൂടിയ സ്വർണത്തിന് 26 ലക്ഷം രൂപ വരും. കസ്റ്റംസ് അസി. അസിസ്റ്റന്റ് കമ്മിഷണർ മുഹമദ് ഫായിസ്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ എൻ.കെ.രാമചന്ദ്രൻ, പങ്കജ്, സുരേന്ദ്രൻ, നിഖിൽ, ഓഫീസ് സ്റ്റാഫ് ശിര എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.