തലശേരി :കെ.എസ്. ടി .പി പദ്ധതിയിലുൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ തശ്ശേരിവളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം സജ്ജമായി. മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 31ന് രാവിലെ പതിനൊന്നിന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.
പാലം ഒഴികെയുള്ള റോഡ് നിർമ്മാണം കഴിഞ്ഞ ജനുവരി 31ന് പൂർത്തീകരിച്ചിരുന്നു. 2016 ൽ നിർമ്മാണ ഘട്ടത്തിൽ എരഞ്ഞോളി പാലത്തിന് ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ലംബമായ ഉയരം വർദ്ധിപ്പിക്കാൻ നിർദേശിച്ചു. അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് ഉൾപ്പെടുത്തുന്നതിനായി രൂപരേഖയും അധികഭൂമി ഏറ്റെടുക്കലും ഇതെ തുടർന്ന് പരിഷ്‌കരിച്ചു. ഭൂമി ഏറ്റെടുക്കൽ 2021 ജനുവരിയിലാണ് പൂർത്തിയായത്.
അഹമ്മദാബാദിലെ ദിനേഷ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് കരാറുകാർ. എഗിസ് ഇന്ത്യ കൺസൾട്ടിംഗ് എൻജിനിയേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മേൽനോട്ട ചുമതല നിർവ്വഹിച്ചിരിക്കുന്നത്.
പാലത്തിന് സമാന്തരമായി സർവ്വീസ് റോഡും
നടപ്പാത, ആവശ്യമായ റോഡ് മാർക്കിംഗ്, റോഡ് സ്റ്റഡ്‌സ്, സൈൻബോർഡുകൾ, സോളാർ തെരുവ് വിളക്ക് മുതലായവ ഉണ്ടാകും. ഇതോടൊപ്പം പാലത്തിന്റെ രണ്ടു വശത്തായി 12 മീറ്റർ നീളവും, 12 മീറ്റർ വീതിയും ഉള്ള ഓരോ വെഹിക്കിൾ അണ്ടർ പാസും നിർമ്മിച്ചിട്ടുണ്ട്. ഉയരം കൂടിയത് കാരണം ഗാബിയോൺ പ്രൊട്ടക്ഷൻ വാളോടു കൂടിയ അപ്രോച്ച് റോഡ് 570 മീറ്റർ നീളത്തിലാണുള്ളത്. മറ്റ് അപ്രോച്ച് റോഡുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പാലത്തിനു സമാന്തരമായി സർവീസ് റോഡും നിർമ്മിച്ചിട്ടുണ്ട്.
റിയാസ് ഇഫക്ട്
കെ.എസ്.ടി.പി പദ്ധതിയിൽ നവീകരിക്കുന്ന വളവുപാറ റോഡിന്റെ ഭാഗമായാണ് ജീർണാവസ്ഥയിലുള്ള പഴയ എരഞ്ഞോളി പാലത്തിന് പകരം പുതിയത് നിർമ്മിച്ചത്. പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതിയെ തുടർന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, എ.എൻ ഷംസീർ എം.എൽ.എക്കൊപ്പം 2021 ഒക്ടോബറിൽ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് പ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു.
എരഞ്ഞോളിപ്പാലം
നീളം 94 മീറ്റർ
വീതി 12 മീറ്റർ
ചിലവ് 15.20 കോടി