കണ്ണൂർ: വേനൽ കനത്തതോടെ തീപിടിത്തം വ്യാപകമായി . ഇന്നലെ ഇരിട്ടി വിളമനയിൽ കശുമാവ്, റബ്ബർ തോട്ടങ്ങൾക്ക് തീപിടിച്ചു. അഗ്നിരക്ഷാ സേനയും നാട്ടുകാരും മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.വേനൽ കനത്തതോടെ തീപിടുത്തം വർദ്ധിക്കുന്നത് ഫയർഫോഴ്‌സിന്റെ ജോലി കടുപ്പമേറിയതായിട്ടുണ്ട്.
ഗ്രാമ, നഗര ഭേദമില്ലാതെയാണ് തീപിടിത്തം . പുൽമേടുകളും അടിക്കാടുകളും തുടങ്ങി വീടുകളും കടകളും വാഹനങ്ങളും അഗ്‌നിക്കിരയാവുന്നതും നിത്യസംഭവമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ആറിടത്താണ് അഗ്‌നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടും അടുക്കളയിൽനിന്ന് തീ പടർന്നതും വൈദ്യുതി ഉപകരണങ്ങൾ വിച്ഛേദിക്കാത്തതുമെല്ലാം തീപടരാൻ കാരണമായത്.
അടിക്കാട് കത്തുന്നു
വേനൽ കനക്കുന്നതോടെ ഉണങ്ങിയ പുൽമേടുകളും അടിക്കാടുകളും തീപിടിത്തത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. മാടായിപ്പാറ, ചാലക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ അഗ്‌നിബാധ നിത്യസംഭവമാണ്. ഏക്കർ കണക്കിന് പുൽമേടാണ് വർഷാവർഷം മാടായിപ്പാറയിൽ കത്തുന്നത്. കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ പുൽമേട് കത്തിയമർന്നിരുന്നു. സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്ന് ആരോപണമുയർന്നിട്ടുണ്ട്. മാടായി കോളജ്, തെക്കീനാക്കീൽ കോട്ട ഭാഗത്തായിരുന്നു തീപിടിത്തം. ഉച്ചസമയത്ത് തീപടരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപെടാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.
തീ പിടിച്ച് റോഡുകളും
രണ്ടാഴ്ച മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിന് സമീപം സ്വകാര്യ ബസ് ഓട്ടത്തിനിടെ കത്തിയത് നാടിനെ നടുക്കിയിരുന്നു. സമയോചിതമായി ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.ഈയിടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ കടകൾക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശമുണ്ടായിരുന്നു. കമ്പ്യൂട്ടർ യു.പി.എസ് ഓഫാക്കാതെ പോയതാണ് അഗ്‌നിബാധക്ക് കാരണമായത്. ബാറ്ററി ചാർജാകുമ്പോൾ ചൂടു കൂടുന്നതും കത്താൻ കാരണവുമായി. കുറുവയിൽ ചൊവ്വാഴ്ച വീട് കത്തിയതിന് പിന്നിലും ഷോർട്ട് സർക്യൂട്ടാണ്.