c-prabhakaran
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, പുതുതായി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. സുമതി, വി. വി രമേശൻ, സി. പ്രഭാകരൻ എന്നിവരും

കാസർകോട്: ജില്ലയിൽ സി.പി.എമ്മിനെ നയിക്കാൻ യുവരക്തത്തിന് കൂടുതൽ പ്രാതിനിധ്യം. മുതിർന്ന നേതാക്കളിൽ പലരും ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും നിലവിലുള്ള ജില്ലാ കമ്മറ്റിയിൽ നിന്നും ആരോഗ്യപരമായും മറ്റു കാരണങ്ങളാലും ഒഴിവാക്കപ്പെടുകയോ സ്വയം വിരമിക്കുകയോ ചെയ്തതോടെയാണ് കരുത്തുറ്റ യുവനിര കടന്നുവന്നത്. ഇതാദ്യമായി ഒരു വനിത കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.

വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മറ്റി അംഗവും മഹിളാ അസോസിയേഷൻ നേതാവുമായ കാസർകോട്ടെ എം. സുമതിയാണ് സെക്രട്ടറിയേറ്റിൽ എത്തിയ വനിത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുകയും കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനായി തിളങ്ങുകയും ചെയ്തിരുന്ന വി.വി രമേശൻ യുവനിരയുടെ ശക്തനായ മുഖമാണ്. പാർട്ടി നേതൃത്വത്തിലേക്ക് ഒരു രണ്ടാംവരവാണ്‌ അദ്ദേഹത്തിന്റേത്. ജില്ലാ സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ച സി. പ്രഭാകരൻ സെക്രട്ടറിയേറ്റിൽ എത്തിയത് മടിക്കൈയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതായി.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.കെ നിശാന്ത്, ടി.എം.എ കരീം കാസർകോട്, രാജ്‌മോഹൻ കാഞ്ഞങ്ങാട്, നീലേശ്വരം ഏരിയ സെക്രട്ടറി എം. രാജൻ, കെ.വി ജനാർദ്ദനൻ തൃക്കരിപ്പൂർ, ചെറുവത്തൂർ ഏരിയ സെക്രട്ടറി കെ.വി സുധാകരൻ എന്നിവർ പുതുതായി ജില്ലാ കമ്മിറ്റിയിൽ എത്തിയതും യുവാക്കളെ കൂടുതൽ പാർട്ടിയിലേക്ക് ആകർഷിക്കും.

കന്നഡ ഭാഷ വിഭാഗത്തിൽ നിന്ന് മഞ്ചേശ്വരത്തെ സുബ്ബണ്ണ ആൾവയെയും ജില്ലാ കമ്മിറ്റിയിൽ എടുത്തു. മന്ത്രി എം.വി ഗോവിന്ദന്റെ പി.എസ് ആയതിനാൽ ഡോ. വി.പി.പി മുസ്തഫയും ആരോഗ്യപരമായ കാരണങ്ങളാൽ സി.ഐ.ടി.യു നേതാവ് പി. രാഘവനും സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവായി. മൂന്നുപേരെ കൂട്ടിച്ചേർത്ത് അംഗസംഖ്യ പത്തായി ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായതിനാൽ അഡ്വ. സി.എച്ച് കുഞ്ഞമ്പു, കെ.പി സതീഷ് ചന്ദ്രൻ ആരോഗ്യപരമായ കാരണങ്ങളാൽ മുൻ തൃക്കരിപ്പൂർ എം.എൽ.എ കെ. കുഞ്ഞിരാമൻ എന്നിവർ ഒഴിവായി. ടി.വി ഗോവിന്ദൻ പിലിക്കോട്, എം. ശങ്കർ റൈ മഞ്ചേശ്വരം എന്നിവരെ ഒഴിവാക്കി. എം. പൊക്ലൻ സ്വയം ഒഴിവായി. ഇതിന് പകരമാണ് ഏഴ് പുതിയ അംഗങ്ങളെ ജില്ലാ കമ്മിറ്റിയിൽ എടുത്തത്.

ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എം.വി ബാലകൃഷ്ണന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന സെക്രട്ടറിയേറ്റാണ് രൂപീകൃതമായത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.