തൃക്കരിപ്പൂർ: സ്കൂൾ മുറ്റത്ത് കുട്ടികൾ നിർമ്മിച്ച ചെറുതോട്ടത്തിൽ കോളിഫ്ളവർ വിളവെടുത്തു. കാർഷിക വികസന ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം കൃഷി ഭവൻ മുഖേനെ നടപ്പാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയിലൂടെയാണ് എടച്ചാക്കൈ എ.യു.പി സ്കൂളിൽ വിവിധ പച്ചക്കറികൾ നൂറുമേനി വിളയിച്ചത്.

സ്കൂൾ മുറ്റത്ത് കോളിഫ്ലവറിനൊപ്പം തക്കാളി, പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളും സമൃദ്ധമായി വിളഞ്ഞു നിൽക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഓഫ് ലൈൻ പഠനം താത്കാലികമായി നിർത്തിയതോടെയാണ് പാകമായ പച്ചക്കറി വിളവെടുത്ത് വിഭവ സമൃദ്ധമായ ഉച്ചഭക്ഷണമൊരുക്കി വീണ്ടും ഓൺലൈൻ ക്ലാസിലേക്ക് വിദ്യാർത്ഥികൾ തയ്യാറെടുത്തത്. വിളവെടുപ്പിന് പടന്ന കിനാത്തിൽ കൃഷി ഓഫീസർ അംബുജാക്ഷൻ, അസി. ഓഫീസർ ശശി, ഹരിത കൺവീനർമാരായ കെ. സെൽമത്ത്, കെ.എൻ സീമ, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.പി വത്സരാജൻ, സീനിയർ അസിസ്റ്റന്റ് വി. ആശാലത, സ്റ്റാഫ് സെക്രട്ടറി കെ.വി സുദീപ് കുമാർ, അദ്ധ്യാപകരായ എം.പി ലാജു, ഇ.പി പ്രിയ, രജിത, ദിവ്യ, രാഖി എന്നിവർ നേതൃത്വം നൽകി.