photo
പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച നടീൽ യന്ത്രം.

പഴയങ്ങാടി: സ്വന്തമായി നടീൽയന്ത്രം നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഏഴോം കുറുവാട്ടെ കെ.സി. പ്രഭാകരൻ. വൈദ്യുതി ഉപയോഗിച്ചുള്ള ഈ നടീൽയന്ത്രം കാണാൻ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തുന്നത്.

. ഇൻഡക്സ് ടവേഴ്സിന് കീഴിലുള്ള ഹെസൽ എൻജിനിയറിംഗ് എന്ന കമ്പനിയുടെ മൊബൈൽ ടവർ ടെക്നീഷ്യനായ ഇദ്ദേഹം ഒന്നര വർഷം മുമ്പ് വൈദ്യുതിയിലും, ബാറ്ററിയിലും സോളാറിലും ഉപയോഗിക്കുന്ന പത്തുകിലോ ഭാരം വരുന്ന മെതിയന്ത്രത്തിന്റെ നിർമ്മാണം വിജയകരമാക്കിയിരുന്നു. കർഷകരുടെ പിന്തുണ കിട്ടിയതോടെയാണ് നടീൽ യന്ത്രം നിർമ്മിക്കാൻ ഇറങ്ങിയത് .

ഒരേക്കറിൽ നടാൻ മൂന്നു മണിക്കൂർ

റോൾ,സ്‌ക്വയർ പൈപ്പുകളും അലുമിനിയം ഷീറ്റുകളും കൊണ്ടുണ്ടാക്കിയ യന്ത്രം തുച്ഛമായ ചിലവിലാണ് നിർമ്മിച്ചതെന്ന് പ്രഭാകരൻ പറയുന്നു. ആർക്കും ഏളുപ്പത്തിൽ കൈകാര്യം ചെയ്യാം. ചെളിയിൽ ഞാറു നടുമ്പോൾ അകലം കൂട്ടാനും കുറക്കാനും വലിക്കുന്ന ഹാൻഡിൽ ഇതിനുണ്ട്. മൂന്നു മണിക്കൂർ കൊണ്ട് ഒരേക്കറിൽ ഞാർ നട്ടുതീർക്കാം..നടീൽ യന്ത്രം വ്യവസായ വകുപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് തീരുമാനത്തിലാണ് പ്രഭാകരൻ.