ആലക്കോട്: ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളി തൽസ്ഥാനം രാജിവെച്ചു. 19 അംഗങ്ങളുള്ള നടുവിൽ പഞ്ചായത്തിൽ തന്നെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 8 ആയി ചുരുങ്ങിതോടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് ബേബി രാജക്കത്ത് നൽകിയത്.
ഡി.സി.സി സെക്രട്ടറിയായിരുന്ന ബേബി ഓടംപള്ളി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വലംകൈ ആയ ബേബിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ എ വിഭാഗം തയ്യാറാകാതെ വന്നതോടെ സി.പി.എമ്മിന്റെ പിന്തുണയോടെ ബേബി പ്രസിഡന്റ് ആകുകയാണുണ്ടായത്. ഇതിനായി യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ചുവിജയിച്ച ലിസി ജോസഫ്, സെബാസ്റ്റ്യൻ വിലങ്ങോലിൽ എന്നിവരുടെയും സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചുവിജയിച്ച രേഖ രഞ്ജിത്തിന്റെയും പിന്തുണ ലഭിക്കുകയുമുണ്ടായി.
യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയെ വിപ്പ് ലംഘിച്ച് പരാജയപ്പെടുത്തിയ മൂവരെയും കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കുന്നതിനു നൽകിയ പരാതിയിൽ തീർപ്പ് കൽപ്പിക്കാനിരിക്കെയാണ് ഇവരെ സംഘടനയിൽ തിരിച്ചെടുത്തുകൊണ്ട് നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം കോൺഗ്രസ് തുടങ്ങിയത്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെക്കില്ലെന്ന നിലപാടിൽ ബേബി ഉറച്ചുനിന്നതോടെ ഡി.സി.സി നേതൃത്വം തന്ത്രപരമായ നീക്കംനടത്തി. സെബാസ്റ്റ്യൻ വിലങ്ങോലിൽ, രേഖ രഞ്ജിത്ത് എന്നിവരെ പാർട്ടിയിൽ തിരിച്ചെടുക്കുകയും ഉപാധികളില്ലാതെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ബേബിക്കുമേൽ സമ്മർദ്ദം മുറുക്കുകയും ചെയ്തു. രേഖ രഞ്ജിത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് കോൺഗ്രസിൽ തിരിച്ചെത്തിയതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടുകഴിഞ്ഞ ബേബിക്ക് രാജിവയ്ക്കാതെ മറ്റു മാർഗ്ഗമില്ലാതായി. തന്നെ പിന്തുണയ്ക്കുന്നവരുടെ യോഗം കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ ബേബി തന്റെ രാജി തീരുമാനം അവരെ അറിയിക്കുകയായിരുന്നു. നടുവിൽ, കരുവൻചാൽ മണ്ഡലം കമ്മിറ്റികൾ ബേബിക്കെതിരായി നിലപാട് സ്വീകരിച്ചതും തിരിച്ചടിയായി.