മാഹി: കുന്ന് തുരന്ന് കടന്നുപോകുന്ന തലശ്ശേരി - മാഹി ബൈപാസ്സിന് കുറുകെ ചാലക്കര പള്ളൂർ മെയിൻ റോഡിൽ നിലവിലുണ്ടായിരുന്നതിനേക്കാൾ ഏറെ ഉയരത്തിൽ നിർമ്മിക്കപ്പെട്ട പാലം. പാലത്തിന്റെ ഒരു ഭാഗത്ത് കയറ്റവും, ഉടൻ തന്നെ ഇറക്കവും. പാലം കടന്നാലുടൻ ചെങ്കുത്തായ ഇറക്കം. കയറ്റം കയറി വരുന്ന വാഹനങ്ങൾക്ക്, എതിർ ഭാഗത്തു നിന്നും വരുന്ന വാഹനം തൊട്ട് മുന്നിലെത്തിയാലും പാലം കയറിയാലേ നേരിൽ കാണാനാവൂ. മാത്രമല്ല പാലത്തിന്റെ ഒരു ഭാഗത്ത് ചെരിവുമുണ്ട്.
നീണ്ട കാത്തിരിപ്പിനൊടുവിൽ, ജനകിയ പ്രക്ഷോഭങ്ങൾക്കും സ്ഥലം എം.എൽ.എയുടെ സമരഭീഷണിക്കൊടുവിലുമാണ് പാലം യാഥാർത്ഥ്യമായത്. പാലം വന്നപ്പോഴാകട്ടെ, അത് ബാലികേറാമല പോലെയും. സ്വതവേ ഉയർന്നു കിടക്കുന്ന, ഈ സ്ഥലത്ത് മേൽപ്പാലം തീർത്തത് കൂടുതൽ ഉയരത്തിലാണ്. ഇതോടെ പാലത്തിൽ നിന്നും കുഞ്ഞിപ്പുര മുക്കിലേക്കിറങ്ങണമെങ്കിൽ, ചെങ്കുത്തായ റോഡാണുള്ളത്. ബസ്സുകൾക്കും ഭാരവാഹനങ്ങൾക്കും കയറ്റം കയറാനാവാത്ത വിധം കുത്തനെയുള്ള കയറ്റം കഠിനമായിത്തീർന്നിട്ടുണ്ട്. പാലം വരുന്നതിനു മുമ്പുതന്നെ ബസ്സുകളുടെയും ഭാരവാഹനങ്ങളുടെയും സുഗമമായ യാത്രയ്ക്കായി ഉയരം കുറച്ചുകിട്ടാൻ മുറവിളി ഉയരുന്നതിനിടെയാണ്, വീണ്ടും ഗണ്യമായി ഉയരം കൂട്ടിയിട്ടുള്ളത്. വാഹനങ്ങൾക്ക് മാത്രമല്ല കാൽനട യാത്രക്കാർക്കും പാലം കയറിയിറങ്ങാൻ, വല്ലാതെ കിതക്കുകയും, വിയർക്കുകയും ചെയ്യേണ്ടി വരും.

കുഞ്ഞിപ്പുര ഭാഗത്ത് കല്ലിട്ട് നികത്തി റോഡ് നികത്തി,ചെങ്കുത്തായ റോഡിന്റെ ഉയരം ക്രമാനുഗതമായി കുറച്ചു കൊണ്ടുവരണം മറുഭാഗത്ത് കയറ്റിറക്കങ്ങളില്ലാതെ നിരപ്പാക്കണം

ഇ.കെ.റഫീഖ്, ജനറൽ സെക്രട്ടറി, ജനശബ്ദം മാഹി