ചക്കരക്കൽ: മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ ഏച്ചൂർ ജംഗ്ഷൻ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. കണ്ണൂർ-മട്ടന്നൂർ വിമാന താവള റോഡിലെ പ്രധാന ജംഗ്ഷനുകളിലൊന്നാണിത്. ഏച്ചൂർ ഭാഗത്തു നിന്നും വലത്തോട്ട് തെറ്റിയാണ് ചക്കരക്കൽ അഞ്ചരക്കണ്ടി ഭാഗങ്ങളിലേക്ക് പോകേണ്ടത്.
ഈ റൂട്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഒരു സമാന്തര കോളേജ്, വ്യാപാര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവയുള്ള സ്ഥലവുമാണ് ഏച്ചൂർ. എന്നാൽ റോഡുവികസനവും കലുങ്ക് നിർമ്മാണവും നടന്നുവെങ്കിലും ഏച്ചൂർ ജംഗ്ഷനിൽ ദിശാബോർഡോ ട്രാഫിക്ക് സുരക്ഷയോ പൊതുമരാമത്ത് വകുപ്പ് ഒരുക്കിയിട്ടില്ല. പകൽസമയത്ത് ബസ് കാത്തുനിൽക്കാനായി വിദ്യാർത്ഥികളും സ്ത്രീകളും വയോധികരുമടക്കം നിരവധിയാളുകളാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.
ടാക്സി സ്റ്റാൻഡും മത്സ്യ വിൽപനശാലകളും ഇവിടെ റോഡരികിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കണ്ണൂർ ഭാഗത്തുനിന്നും ചക്കരക്കൽ ഭാഗത്തേക്ക് വഴിമാറി പോകുന്ന വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിയുമ്പോൾ കണ്ണൂർ, മട്ടന്നൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സംഭവങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. രണ്ടു ടയറുകൾ റോഡിന്റെ മധ്യഭാഗത്ത് കൂട്ടിയിട്ടുണ്ടാക്കിയ സാങ്കൽപ്പിക ഡിവൈഡർ മാത്രമാണ് ഇവിടെ ഏർപ്പെടുത്തിയ ഗതാഗത സംവിധാനം.
ഏച്ചൂരിൽ മാസങ്ങളോളം നീണ്ട കലുങ്ക് പണി അവസാനിച്ചപ്പോൾ പൊതുമരാമത്ത് വകുപ്പ് ഗതാഗതസുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന പ്രതീക്ഷ ജനങ്ങൾക്കുണ്ടായിരുന്നു.
മട്ടന്നൂർ റോഡിൽ ഒരു പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെ ഏതാനും ധനകാര്യസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ യാതൊരു പൊലിസ് സുരക്ഷയും ഇവിടെയില്ലാത്തത് ജനങ്ങളിൽ ആശങ്കവളർത്തുന്നുണ്ട്.
എന്നാൽ മാഞ്ഞു പോായ സീബ്രാലൈൻ പോലും ഇവിടെ മാറ്റിവരയ്ക്കാൻ തയ്യാറായില്ല. ദിശാബോർഡുകളില്ലാത്തതിനാൽ ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട
ചരക്കുവാഹനങ്ങൾ ഉൾപ്പെടെ ഇവിടെ നിന്നും വഴി തെറ്റിപ്പോകുന്നത് പതിവാണ്. വാഹനാപകടങ്ങളുണ്ടായാൽ ഉത്തരവാദികളെ പിടികൂടാൻ പൊലീസ് സ്ഥാപിച്ച സി.സി.ടി.വി കാമറകളുമില്ല. ഏതാനും സ്വകാര്യസ്ഥാപനങ്ങളുടെ സി.സി.ടി.വി കാമറകൾ മാത്രമാണ് ഏച്ചൂരിലുള്ളത്.
റോഡ് നന്നായപ്പോൾ ഏച്ചൂർ ജംഗ്ഷനിൽ അപകടസാധ്യത വർദ്ധിക്കുന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകൾ വന്നുപോകുന്ന പ്രധാനസ്ഥലങ്ങളിലൊന്നാണിത്. അടുത്ത പഞ്ചായത്ത് യോഗത്തിൽ ഇവിടെ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യുംഅനുഷ
(പ്രസിഡന്റ് മുണ്ടേരി ഗ്രാമപഞ്ചായത്ത്)