മയ്യിച്ച: ദേശീയപാത ഇരട്ടിപ്പിക്കലിനെ തുടർന്ന് തേജസ്വിനിക്കരയിൽ കാര്യങ്കോട് ഫലത്തിനോട് ചേർന്നുണ്ടായിരുന്ന ജലാശയം പൂർണമായി ഇല്ലാതായി. ദേശീയപാതയിൽ ചെറുവത്തൂരിനും നീലേശ്വരത്തിനും ഇടയിൽ കാര്യങ്കോട് പാലത്തിന് കിഴക്കുഭാഗത്തുണ്ടായിരുന്ന കൊച്ചുതടാകമാണ് പൂർണമായും ഇല്ലാതായത്.
തേജസ്വിനിയുടെ അഴകിന് മാറ്റേകുന്ന കാഴ്ചയായിരുന്നു സമീപത്തുള്ള ഈ തടാകം. തൊട്ടടുത്തുള്ള വീരമലക്കുന്നിലെ ചുകന്ന മണ്ണുമുഴുവൻ കടത്തികൊണ്ടുവന്നാണ് തടാകം മൂടിയത്. കാര്യങ്കോട് പുഴയ്ക്ക് പുതിയ പാലം പണിയുന്നതും ദേശീയപാത ഇരട്ടിപ്പിക്കുന്നതും ഈ തടാകത്തിന് മുകളിലൂടെയാണ്. നിലവിലുള്ള പാതയുടെ അത്രയും ഉയരത്തിൽ മണ്ണിട്ടുമൂടും. പുതുതായി പണിയുന്ന പാലത്തിന്റെ ഫില്ലറുകൾ അല്പം തെക്കോട്ടു നീട്ടിയാൽ ഈ തടാകം സംരക്ഷിച്ചു കൊണ്ടു തന്നെ ഹൈവേ വികസനം സാദ്ധ്യാമാകുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ജലാശയത്തിലെ മീനുകളെയും ജീവികളെയും ജെ. സി. ബി കൊണ്ട് കോരിയെടുത്തു നശിപ്പിച്ച ശേഷമാണ് മണ്ണിടൽ ആരംഭിച്ചത്.
ഒഴുക്കുമുറിക്കാൻ കൃത്രിമ ജലാശയം
1963 ലാണ് തേജസ്വിനി പുഴയ്ക്ക് കുറുകെ കാര്യങ്കോട് ദേശത്ത് ദേശീയപാതയിൽ റോഡുപാലം പണിതത്. അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കർ ആയിരുന്നു പാലത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. അതിശക്തമായ ഒഴുക്കുള്ള പ്രദേശത്താണ് പാലം പണി തുടങ്ങിയത്. തെക്കുഭാഗത്തേക്കുള്ള ഒഴുക്ക് തടയാതെ പാലം പണി തുടങ്ങാൻ ബുദ്ധിമുട്ടായിരുന്നു. സാങ്കേതിക വിദഗ്ധർ അതിന് കണ്ടെത്തിയ മാർഗമായിരുന്നു കൃത്രിമ ജലാശയം നിർമ്മിച്ച് വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയെന്നത്. കരിങ്കല്ലും ചെങ്കല്ലും കൊണ്ട് വിത്താകൃതിയിൽ കെട്ടി ഒഴുക്കിനെ തടഞ്ഞു. ജലാശയത്തിലേക്ക് വെള്ളം കയറുന്നതിന് ഒരു ഭാഗത്ത് ചെറിയൊരു വിടവ് മാത്രം വെച്ചു. പുഴയിൽ ഉപ്പുവെള്ളം കയറിയാലും ജലാശയത്തിൽ ഉപ്പ് കയറുന്നതിന് സമയമെടുക്കുമായിരുന്നു. മയ്യിച്ച, കാര്യങ്കോട് പ്രദേശത്തുകാർ കുളിച്ചതും നീന്തൽ പഠിച്ചതും മീൻ പിടിച്ചതും ഈ ജലാശയത്തിൽ വച്ചായിരുന്നു.
70 വർഷം മുമ്പ് പാലം പണിയുമ്പോൾ കെട്ടിയതാണെങ്കിലും മയ്യിച്ചക്കാരുടെ പ്രകൃതി സമ്പത്തായി ഈ ജലാശയം മാറിയിരുന്നു. മുമ്പെല്ലാം പിടക്കുന്ന ചെമ്പല്ലി അടക്കം ഇവിടെ നിന്നും കിട്ടുമായിരുന്നു.
-ശിശുപാലൻ മയ്യിച്ച