തളിപ്പറമ്പ്: ഒടുവിൽ തളിപ്പറമ്പ് അഗ്നിശമന സേനയ്ക്കായി സ്വന്തം കെട്ടിടമൊരുങ്ങുന്നു. ആലക്കോട് റോഡിൽ കാഞ്ഞിരങ്ങാട് മോട്ടോർ വാഹനവകുപ്പിന്റെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം റവന്യൂ പുറമ്പോക്ക് ഭൂമിയാണ് അഗ്നിശമന നിലയത്തിന് അനുവദിച്ചത്. 40 സെന്റ് സ്ഥലമാണ് കഴിഞ്ഞദിവസം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുള്ളത്. അഗ്നിശമന സേനയിലെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലപരിശോധനകളും പൂർത്തിയാക്കിക്കഴിഞ്ഞു.
ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകൾ ഉൾപ്പെടെ ഇവിടെ നിർമ്മിക്കാനുള്ള ആലോചനയുണ്ട്. എട്ടുകോടി രൂപയെങ്കിലും ചെലവഴിക്കേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാഞ്ഞിരങ്ങാട് നേരത്തെതന്നെ സ്ഥലം പരിശോധിച്ചിരുന്നുവെങ്കിലും എം.എൽ.എയായിരുന്ന ജയിംസ് മാത്യു ഫയർ സ്റ്റേഷൻ തളിപ്പറമ്പ് നഗര പരിധിയിൽ തന്നെ നിലനിർത്താൻ ആകാവുന്ന ശ്രമമെല്ലാം നടത്തി. സ്ഥലം വിട്ടുകിട്ടാത്തതിനെ തുടർന്ന് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് തന്നെ അംഗീകരിക്കുകയായിരുന്നു.
കരിമ്പത്ത് അഗ്നിശമന നിലയം 2000 ആഗസ്റ്റ് മാസത്തിലാണ് പ്രവർത്തനമാരംഭിച്ചത്. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി നിർമ്മിച്ചുനൽകിയ കെട്ടിടത്തിൽ പ്രതിമാസം 12,000 രൂപ വാടകയ്ക്കാണ് കഴിഞ്ഞ 21 വർഷമായി പ്രവർത്തിച്ചുവരുന്നത്.
അഗ്നിശമനനിലയം തളിപ്പറമ്പ് നഗരപരിധിയിൽ തന്നെ നിലനിർത്താനായി കഴിഞ്ഞ 15 വർഷമായി സ്ഥലം അന്വേഷിച്ചുവരികയായിരുന്നു. കൂവോട് ജലസേചന വകുപ്പിന്റെ സ്ഥലവും കരിമ്പം ജില്ലാ കൃഷിഫാമിന്റെ സ്ഥലവും ഇതിനായി പരിഗണിച്ചെങ്കിലും വകുപ്പുകൾ തമ്മിലുള്ള വടംവലി കാരണം സ്ഥലം അനുവദിച്ചുകിട്ടിയില്ല.
അഗ്നിശമനനിലയം കാഞ്ഞിരങ്ങാട്ടേക്ക് പോകുന്നത് തളിപ്പറമ്പ് നഗരത്തിന് ശരിക്കും നഷ്ടമാണ്. തീപിടുത്തങ്ങളോ മറ്റ് സംഭവങ്ങളോ നടന്നാൽ അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ കാഞ്ഞിരങ്ങാട് നിന്നും തളിപ്പറമ്പിലെത്താനാവൂ. നിരവധി വ്യവസായശാലകളുള്ള ധർമ്മശാലയിലേക്കാണെങ്കിൽ പതിനൊന്ന് കിലോമീറ്റർ സഞ്ചരിക്കണം.
പടം തളിപ്പറമ്പ് കരിമ്പത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന അഗ്നിശമനനിലയം