prymary

കണ്ണൂർ :ജില്ലയിലെ പൊതുവിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീസ്‌കൂളുകളെ മോഡലുകളാക്കി മാറ്റാനും അടുത്ത രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിഫെസിലിറ്റി ഇന്റർനാഷണൽ പ്രീസ്‌കൂൾ നിർമ്മിക്കാനുമുള്ള പദ്ധതി നിർദേശം കണ്ണൂർ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി. പ്രീ സ്‌കൂൾ വിദഗ്ധർ, ബി.പി.സിമാർ, ട്രെയിനർമാർ, അദ്ധ്യാപികമാർ എന്നിവരുടെ കൂട്ടായ ചർച്ചയിലാണ് പദ്ധതി തയ്യാറാക്കിയത്.

മൂന്ന് പ്രീസ്‌കൂളുകളെ മാതൃകകളാക്കി ഉയർത്താൻ പതിനഞ്ചുലക്ഷം രൂപ വീതം നൽകി കഴിഞ്ഞു. പദ്ധതിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നല്ല സഹായമാണ് ലഭിക്കുന്നത്.കേരള പ്രീസ്‌കൂൾ കരിക്കുലം, കളിപ്പാട്ടം, കുട്ടികൾക്കുള്ള തീമാറ്റിക് വർക്ക് ബുക്കുകൾ, കളിത്തോണി എന്നിവ പ്രയോജനപ്പെടുത്തി കുട്ടികളുടെ സമഗ്ര വികാസം ഉറപ്പാക്കുകയാണ് ലക്ഷ്യം.

നിർമ്മാണ ശിൽപശാലയുടെ ഉദ്ഘാടനം പി.വി. പ്രദീപ് കുമാർ നിർവ്വഹിച്ചു. ഡി.പി.സി.ഇ സി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.പി.ഒ ഡോ.രമേശൻ കടൂർ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ നോർത്ത് എ.ഇ.ഒ പി.വി.പ്രദീപൻ, ടി.പി.അശോകൻ, രാജേഷ് കടന്നപ്പള്ളി, ഉണ്ണികൃഷ്ണൻ, കെ.കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

ആറു വയസ്സിന് താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും അങ്കണവാടി , സാമൂഹ്യവെല്ലുവിളികൾ നേരിടുന്ന പ്രത്യേക പരിഗണനയർഹിക്കുന്നവർ, പാർശ്വവത്കരിക്കപ്പെടുന്നവർ തുടങ്ങി എല്ലാ വിഭാഗം കുട്ടികളെയും ചേർത്തുകൊണ്ടുള്ള ക്ലസ്റ്റർ പ്രീസ്‌കൂളിംഗ് സംവിധാനത്തിന് കണ്ണൂർ സമഗശിക്ഷ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.