മത്സ്യബന്ധനം നടത്തേണ്ടത് 20 പോയിന്റിന് മുകളിലുള്ള വല ഉപയോഗിച്ച്
കാഞ്ഞങ്ങാട്: നിരോധിത വലകൾ ഉപയോഗിച്ച് ചെറുമീനുകൾ പിടിക്കുന്നത് കടലിൽ മത്സ്യസമ്പത്ത് നശിപ്പിക്കുന്നു. ബോട്ടുകളും വള്ളങ്ങളും ഒരുപോലെ കുഞ്ഞൻ ഞണ്ടുകളും ചെറുമീനുകളും കടലിൽ നിന്നും ചെറുവലകൾ ഉപയോഗിച്ച് പിടിക്കുന്നതാണ് മത്സ്യസമ്പത്തിനു തന്നെ ഭീഷണിയായിരിക്കുന്നത്. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലിൽ തന്നെ വിടണമെന്നും നിയമം ഉള്ളപ്പോഴാണ് ഇത് ലംഘിച്ചുള്ള മത്സ്യബന്ധനം പതിവായിരിക്കുന്നത്.
ഒരാഴ്ചയിലധികമായി ബോട്ടുകളും വള്ളങ്ങളും കുഞ്ഞൻ ഞണ്ടുകളും ചെറിയ പൊടിമീനുകളും മാർക്കറ്റിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ചെറുമീനുകൾ പിടിക്കുന്നത് വാക്കേറ്റത്തിനും വഴക്കിനും കാരണമാകുന്നുമുണ്ട്.
20 പോയിന്റിന് താഴെയുള്ള വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ പാടില്ലെന്നാണ് നിയമം. എന്നാൽ അതെല്ലാം കാറ്റിൽപറത്തിയാണ് ചെറിയ മീനുമായി ബോട്ടുകളും വള്ളങ്ങളും എത്തുന്നത്. മത്സ്യങ്ങളുടെ പ്രജനനത്തിനായി ട്രോളിംഗ് അടക്കം ഏർപ്പെടുത്തി മത്സ്യമ്പത്ത് നിലനിർത്താൻ സർക്കാർ ശ്രമങ്ങൾ നടത്തിവരുന്നതിനിടയിലാണ് ചെറുമീനുകളെ പിടികൂടി മത്സ്യസമ്പത്ത് നശിപ്പിക്കുന്നത്.
മത്സ്യബന്ധനത്തിനിടെ ചെറുമീനുകൾ യഥേഷ്ടം ലഭിക്കുമെങ്കിലും മത്സ്യത്തൊഴിലാളികളിൽ വലിയൊരു വിഭാഗം ഇവയെ കടലിലേക്ക് തന്നെ വിടുകയാണ് ചെയ്യാറുള്ളത്. മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചതായി കണ്ടാൽ കോസ്റ്റ് ഗാർഡ് ഉൾപ്പെടെ കർശന നടപടിയെടുക്കാറുണ്ട്.
മത്സ്യബന്ധന മേഖലകളിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള കടൽക്കോടതികൾ ചെറുമത്സ്യങ്ങൾ പിടികൂടുന്നതിന് വിലക്ക് കൽപ്പിച്ചിട്ടുണ്ട്.
വാങ്ങാൻ വൻകിട കമ്പനികൾ
വൻതുക കൊടുത്ത് കുഞ്ഞൻ മത്സ്യങ്ങൾ വാങ്ങാൻ കർണ്ണാടകയിലെ ചില കമ്പനികളുടെ ആളുകൾ തയാറാവുന്നു. ഒരു വിധത്തിലുള്ള ചെറുമീനുകൾ വരെ മാർക്കറ്റിൽ ചിലവാകും. അത് കഴിഞ്ഞുള്ളവ കോഴിത്തീറ്റയ്ക്കും കാലിത്തീറ്റയ്ക്കും പുറമേ മീനെണ്ണയ്ക്കും മറ്റുമായി ഫാക്ടറിക്കാർ ഉപയോഗിക്കുമ. മംഗളൂരുവിലെ ഫാക്ടറികളിലെത്തിച്ച് പൊടിച്ച് വളമായും ഉപയോഗിക്കുന്നുണ്ട്. മംഗളൂരുവിൽ മാത്രം ഇത്തരം നിരവധി ഫാക്ടറികൾ പ്രവർത്തിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
ചെറു ഞണ്ടുകളും ചെറു ത്സ്യങ്ങളും പിടികൂടുന്ന ബോട്ടുകൾക്കും യാനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും
പി.വി സതീഷ്, കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ