കൂത്തുപറമ്പ്: പാട്യം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട അമ്മാറമ്പ് ആദിവാസി കോളനിയിൽ ദുരിതജീവിതം തുടരുന്നു. നവീകരണത്തിന് സർക്കാർ അനുവദിച്ച ഒരു കോടിയുടെ പദ്ധതികൾ അഞ്ചാംവർഷത്തിലും പാതിപോലുമെത്താതെ ഇഴയുകയാണ്.
പാട്യം പഞ്ചായത്ത് ഭരണസമിതിയും രാഷ്ട്രീയ പാർട്ടികളും നിരന്തരം നടത്തിയ ശ്രമത്തിനൊടുവിലാണ് അംബേദ്കർ സെറ്റിൽമെന്റ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചത്.
എന്നാൽ അഞ്ച് വർഷം കഴിഞ്ഞിട്ടും ഈ പ്രവൃത്തികൾ പൂർത്തിയായിട്ടില്ല.
തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് നവീകരണം ഏറ്റെടുത്തിരുന്നത്. കോളനിവാസികൾ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കെ.പി.മോഹനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ അമ്മാറമ്പ് കോളനിയിൽ ഇന്നലെ യോഗം ചേർന്നിരുന്നു. പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ, പ്രൊജക്ട് ഓഫീസർ എം.കെ.മഹറൂഫ്, ട്രൈബൽ ഓഫീസർ പി.കെ.സജിത, കെ.അജിത്ത്, ജോസഫ്, പി.മിനി, സുമിത്ര, പി.സുരേന്ദ്രൻ, എന്നിവരും കോളനിവാസികളും യോഗത്തിൽ പങ്കെടുത്തു.
ജനലില്ലാത്ത വീട്, വാതിലില്ലാത്ത കക്കൂസ്
പദ്ധതിയിൽ നവീകരിച്ചെന്ന് പറയുന്ന വീടുകളുടെ അവസ്ഥ പരമദയനീയമാണ്. കൃത്യമായ ജനൽ പോലുമില്ലാതെയാണ് വീടുകൾ നവീകരിച്ചിട്ടുള്ളത്. ഇവയുടെ തേപ്പും പൂർത്തിയാക്കിയിട്ടില്ല. വീടുകളിലെ കക്കൂസിന് വാതിൽ പോലുമില്ല. നവീകരണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി ആറു വീട്ടുകാർ വീട് നവീകരിക്കേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.
പദ്ധതി ഇങ്ങനെ
9 വീടുകളുടെ നവീകരണം
1 വീട് നിർമ്മാണം
കമ്യൂണിറ്റി ഹാൾ നിർമ്മണം,
വാട്ടർ ടാങ്ക്
കിണർ നവീകരണം
നടപ്പാത, സ്ട്രീറ്റ് ലൈറ്റുകൾ
ഫെബ്രുവരി അവസാനത്തോടെ അമ്മാറമ്പ് കോളനിയിലെ നവീകരണം പൂർത്തീകരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ കെ.പി.മോഹനൻ എം.എൽ.എ