കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ ചാലാട് വാർഡിലെ പടന്നപ്പാലം മാർത്താങ്കണ്ടി റോഡിന് സമീപം ഭൂമാഫിയ രാത്രിയുടെ മറവിൽ തോടുൾപ്പെടെയുള്ള ചതുപ്പുനിലം നികത്തി. കണ്ണൂർ കോർപറേഷൻ പരിധിയിലെ ചാലാട് അൻപത്തിനാലാം വാർഡിൽ പടന്ന പാലത്ത് നിന്നും മഞ്ചപ്പാലം തോട്ടിലേക്ക് ചെന്നു ചേരുന്ന ഭാഗമാണ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയത്. നേരത്തെ ചതുപ്പും തോടും നികത്തുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നുവെങ്കിലും ശനിയാഴ്ച്ച രാത്രി ആരുമറിയാതെ ജെ.സി.ബി ഉപയോഗിച്ച് തോടു നികത്തുകയായിരുന്നു.
ഇതിനെതിരെ കളക്ടർക്കും പള്ളിക്കുന്ന് വില്ലേജ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ടെന്ന് പ്രദേശവാസിയായ കെ.ശ്രീജേഷ് പറഞ്ഞു. നൂറിലേറെ വീട്ടുകാരെ ദോഷകരമായി ബാധിക്കുന്ന രീതിയിലാണ് തോടുകൾ നികത്തിയതെന്നാണ് പരാതി. നികത്തലിന് അധികൃതരുടെ ഒത്താശയുണ്ടെന്ന ആരോപണവും ശക്തമാണ്. മൂന്നു മുതൽ അഞ്ചു മീറ്റർ വരെയുള്ള തോടാണ് ഇവിടെ നികത്തിയിട്ടുള്ളത്. നൂറോളം വീട്ടുകാരാണ് പ്രദേശത്തുള്ളത്. ഭീമമഹരജി നൽകിയ ഇവർ നികത്തലിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് .
നികത്തിയതോട് പൂർവ്വരൂപത്തിലാക്കാൻ അധികൃതർ ഉടൻ ഇടപെടണം. 2009 മുതൽ പ്രദേശത്തെ തണ്ണീർത്തടങ്ങൾ നികത്തുന്നതിനെതിരെ നാട്ടുകാർ അധികൃതർ നിവേദനങ്ങൾ നൽകിയിരുന്നു. ഇതിനെതിരെ പ്രതിഷേധ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്- ടി.കെ ഗംഗാധരൻ(പ്രദേശവാസി)
നേരത്തെ മണ്ണിട്ടുനികത്തിയത് കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽനിർത്തിവെച്ചിരുന്നു ഇപ്പോൾ തോട്ടിൽ നിന്നും മാലിന്യം കോരിയിടുന്നതിന്റെ മറവിലാണ് തോട് മണ്ണിട്ട് നികത്തിയിരിക്കുന്നത്
സി.പി. മനോജ്,പ്രദേശവാസി
ഓർമ്മയുണ്ടോ പ്രളയകാലം
കണ്ണൂർ കോർപറേഷനിൽ ഏറ്റവും കൂടുതൽ ചതുപ്പുകളും തോടുകളുമുള്ള പ്രദേശമാണ് പടന്ന പാലം. താഴ്ന്ന പ്രദേശമായതിനാൽ ഇവിടെ മഴക്കാലമായാൽ വെള്ളം കയറുന്നതും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതും പതിവാണ്. മൂന്നുവർഷം മുമ്പുള്ള പ്രളയകാലത്ത് ഈ പ്രദേശത്തിന്റെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറിയിരുന്നു. അന്ന് നിരവധി കുടുംബങ്ങളെയാണ് ഇവിടെ നിന്നും മാറ്റി പാർപ്പിച്ചത്.
പടന്ന തോട്ടിലൂടെ ഒഴുകുന്ന വെള്ളം അറബിക്കടലിലാണ് ചേരുന്നത്. ഈ തോടു നികന്നതോടെ വർഷകാലത്ത് വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തുകാർ. തോടിന് പുറമെ വൻ തോതിൽ ചതുപ്പുകളും നികത്തിയിട്ടുണ്ട്. തണ്ണീർത്തടവും കണ്ടലും നിറഞ്ഞ പ്രദേശമാണിത്. കണ്ണൂർ നഗരത്തിലെ ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം ഇവിടേക്കാണ് ഒഴുകിയെത്തുന്നത്.
നേരത്തെ കണ്ണൂർ സർവ്വകലാശാല ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിന് താവക്കരയിൽ തണ്ണീർത്തടങ്ങൾ നികത്തിയതുവഴി കഴിഞ്ഞ പ്രളയകാലങ്ങളിൽ കണ്ണൂർ നഗരത്തിൽ കയറിയ വെള്ളം ഇറങ്ങാൻ ഏറെ സമയമെടുത്തിരുന്നു.