mp
കാസർകോട് എയിംസ് സമരപന്തലിൽ എത്തിയ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി സമരത്തെ അഭിസംബോധന ചെയ്യുന്നു

കാസർകോട്: കാസർകോട് ജില്ലയിൽ എയിംസ് അനുവദിക്കുന്നതിനായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നടത്തുന്ന നിരാഹാരസമരത്തിന്റെ പന്ത്രണ്ടാംനാളിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ നിരാഹാരമനുഷ്ഠിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും ഇന്നലെ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സമരസമിതി ചെയർമാൻ നാസർ ചെർക്കളം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, സുബൈർ പടുപ്പ് , ഷാഫി കല്ലുവളപ്പിൽ, സലിം ചൗക്കി, നോയൽ ടോമിൻ ജോസഫ്, ഉസ്മാൻ കടവത്ത് തുടങ്ങിയവർ സംബന്ധിച്ചു.

എൻഡോസൾഫാൻ പീഡിത ജനവിഭാഗത്തെ നമുക്ക് ചേർത്തുപിടിക്കാം എന്ന് എം.പി ബാനറിൽ എഴുതി. ശില്പിയും ചിത്രകാരനുമായ സുരേന്ദ്രൻ കൂക്കാനം ഉപവാസത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാരാണ് ഇന്നലെ നിരാഹാര സമരം അനുഷ്ഠിച്ചത്. വൈകിട്ട് ഷെരീഫ് അബ്ദുല്ല ബെജങ്കള ദുരിതബാധിതയുടെ മാതാവ് മറിയമ്മ ചേവാറിന് നാരങ്ങ നീര് ഇന്നലത്തെ ഉപവാസം അവസാനിപ്പിച്ചു.

ആരോഗ്യമേഖലയിൽ ഏറെ അവഗണന നേരിടുന്ന കാസർകോട് ജില്ലയിൽ എയിംസ് സ്ഥാപിച്ചു കിട്ടുക തന്നെ വേണം. കാസർകോടിന്റെ ജനപ്രതിനിധി എന്നനിലയിൽ അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ നിരീക്ഷിക്കുകയാണ്. ഒന്നും നടക്കുന്നിലെന്ന ഘട്ടം വന്നാൽ കാസർകോട് എയിംസ് അനുവദിച്ചു കിട്ടുന്നതിന് വേണ്ടി സെക്രട്ടറിയേറ്റിനു മുന്നിലോ പാർലമെന്റിന് മുന്നിലോ അനിശ്ചിതകാല നിരാഹാരം കിടക്കും

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി