
കണ്ണൂർ:കൊവിഡ് വ്യാപനനിരക്ക് ഏറിയ മൂന്നാംഘട്ടത്തിൽ പരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം പരിമിതം. ബ്ലോക്ക് തലത്തിൽ ഒരു പരിശോധനാ സെന്റർ എന്ന നിലയിലാണ് സർക്കാർ ആരോഗ്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നത്. ഇതുകാരണം സ്വകാര്യ ലാബുകളെ തേടി പോകേണ്ട സ്ഥിതിയാണ്.
ജില്ലയിൽ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.7 ശതമാനമാണ്. ദിനംപ്രതി കൊവിഡ് പരിശോധനയ്ക്കായി നിരവധി പേരാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സർക്കാർ സംവിധാനത്തിൽ സൗജന്യപരിശോധന നടത്തിയിരുന്നു. രണ്ടാം തരംഗസമയത്ത് മൊബൈൽ പരിശോധനാ യൂണിറ്റുകളും സജ്ജമാക്കി. ക്രമേണ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലാ ആശുപത്രിയിലും ചില ആരോഗ്യ കേന്ദ്രത്തിലും ഇടവിട്ട ദിവസങ്ങളിലാക്കുകയായിരുന്നു. കൊവിഡ് മൂന്നാം തരംഗവും ഒമിക്രോൺ വ്യാപനവുമായി രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായിട്ടും പരിശോധനാസംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല.
കണ്ണൂരിൽ ഏതാനും ചില സ്വകാര്യലാബുകളിൽ മണിക്കൂറുകളോളം കാത്തു നിന്ന് 500 രൂപ നൽകിയാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. രോഗബാധിതരിൽ പലരും ടെസ്റ്റ് നടത്താൻ വിമുഖത കാട്ടുന്ന സ്ഥിതിയാണ് ഇതുമൂലമുള്ളത്. വരുംദിവസങ്ങളിൽ ഇത് സ്ഥിതി കൂടുതൽ ഗൗരവതരമാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ആശങ്കയായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവും
കൊവിഡ് അനുദിനം വർദ്ധിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കടുത്ത ആശങ്കയ്ക്കിടയാക്കുകയാണ്. കൊവിഡ് രോഗികൾ കുറഞ്ഞെന്ന കാരണത്താൽ ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നു മാത്രം കൊവിഡ് ബ്രിഗേഡിലെ 298 പേരെയാണ് പിരിച്ചു വിട്ടത്. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ്, ഫാർമസിസ്റ്റ്, മറ്റു ജോലിക്കാർ ഉൾപ്പെടെയാണിത്. ആരോഗ്യ പ്രവർത്തകരിൽ തന്നെ പലരും ആരോഗ്യ പ്രശ്‌നത്താലും കൊവിഡ് ബാധിച്ചും അവധിയിലാണ്. നഴ്സുമാരടക്കമുള്ളവർ ഇതുമൂലം ജോലിഭാരം കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയിലാണ്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്ന് മാത്രം പിരിച്ചുവിട്ടത് 298 ആരോഗ്യവളണ്ടിയർമാരെ