kovid

കണ്ണൂർ: കൊവിഡ് മൂന്നാംതരംഗം പിടിമുറുക്കിയ സാഹചര്യത്തിൽ ജില്ലയിൽ നടക്കുന്ന വിവാഹങ്ങൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയവ കൊവിഡ് ജാഗ്രതാ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം . രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ കർശന നടപടികളുണ്ടാകും.

ജില്ല എ കാറ്റഗറിയായതിനാൽ പൊതു പരിപാടികളിൽ 50 പേർ മാത്രമേ പാടുള്ളൂവെന്നും ഈക്കാര്യം പൊലീസ് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. നിശ്ചിത ആളുകളിൽ കൂടുതലുണ്ടായാൽ നിയമാനുസൃത നടപടികൾ കൈക്കൊള്ളും. രാത്രികാല ടർഫ് ഫുട്‌ബോൾ മത്സരങ്ങളിൽ അൻപതിലേറെ പേർ കൂട്ടം കൂടുന്നത് നിയന്ത്രിക്കാനും യോഗം പൊലീസിന് നിർദ്ദേശം നൽകി.

ഉത്സവങ്ങൾക്ക് പ്രത്യേക നിർദ്ദേശം

ഉത്സവങ്ങൾക്ക് ആളുകളെ പരിമിതപ്പെടുത്തുന്നതും കലാപരിപാടികൾ ഒഴിവാക്കുന്നതും സംബന്ധിച്ച് ഉത്സവ കമ്മറ്റികൾക്ക് പൊലീസ് നിർദ്ദേശം നൽകും. കമ്മറ്റി ഭാരവാഹികളുമായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ചർച്ച നടത്തും.വാർഡുതല ജാഗ്രതാ സമിതികളുടെയും ആർ.ആർ.ടികളുടെയും പ്രവർത്തനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശുപത്രി സേവനം ആവശ്യമുള്ള കൊവിഡ് രോഗികൾ നിർബ്ബന്ധമായും കൊവിഡ് കൺട്രോൾ റൂമിന്റെ സഹായം തേടണമെന്നും യോഗം അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ഡി.എം.ഒ ഡോ.കെ.നാരായണ നായ്ക്ക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.