tirummal

പയ്യന്നൂർ: തനത് ആയോധനമുറയായ കളരിയുടെയും കളരിചികിത്സയുടെയും പ്രയോഗത്തിൽ അതുല്യപ്രതിഭയായ തായിനേരി പി.പി.നാരായണൻ ഗുരിക്കളുടെ വിയോഗം ഉത്തരകേരളത്തിന്റെ മഹാനഷ്ടങ്ങളിലൊന്നായി. നിരവധി ശിഷ്യന്മാർക്ക് വഴികാണിച്ചുനൽകിയിട്ടുണ്ടെങ്കിലും കളരിയിലെയും കളരിചികിത്സയിലേയും ഒരു യുഗത്തിന്റെ അവസാനം കൂടിയായി ഈ വിയോഗം.

ശരീരത്തിലെ ഒടിവുകളും ചതവുകളും സ്പർശനത്തിലൂടെ കണ്ടെത്തി ചികിത്സിച്ച് സുഖപ്പെടുത്തുന്നതിൽ അസാമാന്യസിദ്ധിയായിരുന്നു ഗുരുക്കൾക്ക്. ഈ വൈഭവം കേട്ടറിഞ്ഞ് വിദൂരങ്ങളിൽ നിന്നുപോലും അദ്ദേഹത്തെ കാണാൻ ആളുകൾ എത്തി. കളരിക്കും ചികിത്സക്കുമായി ജീവിതം അപ്പാടെ ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

കോൽക്കളിയിലും കളരിപ്പയറ്റിലും സമർത്ഥരായ അനേകം ശിഷ്യന്മാരെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

വട്ടേൻതിരിപ്പ് സമ്പ്രദായത്തിലെ ഓരോ ചുവടുകളും വായ്താരികളുമടക്കം കളരി അറിവുകൾ വരും തലമുറക്ക് കൈമാറുന്നതിനായി തയ്യാറാക്കിയ കൈയെഴുത്ത് പ്രതി പുസ്തകമാക്കണമെന്ന ആഗ്രഹം സഫലീകരിക്കാതെയാണ് അദ്ദേഹത്തിന്റെ മടക്കം. ഇത് പ്രസിദ്ധീകരിക്കാനായി ശിഷ്യൻമാരും ബന്ധുക്കളും നാട്ടുകാരും ശ്രമം നടത്തുന്നതിനിടയിലാണ് ഈ വിടവാങ്ങൽ.

വിശ്രമമറിയാത്ത കളരിജീവിതം

പയ്യന്നൂർ തായിനേരിയിൽ വാഴവളപ്പിൽ ചന്തന്റെയും പടിഞ്ഞാറ്റപുരയിൽ മാതിയുടെയും മകനായി 1939ൽ ജനനം. അന്നൂർ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനിടെ ഏഴാം വയസിൽ കൊടക്കാട് ചന്തു ഗുരുക്കളുടെ കീഴിൽ കളരി പരിശീലനത്തിൽ തുടക്കം. വട്ടേൻ തിരിപ്പ് എന്ന കളരി സമ്പ്രദായത്തിൽ ശിക്ഷണം നേടി.തുടർന്ന് എൻ.കൃഷ്ണൻ ഗുരുക്കളുടെ കീഴിലേക്ക് . വളപട്ടണം പീച്ചാളി നാരായണൻ ഗുരുക്കളുടെ കീഴിൽ അറപ്പക്കൈയെന്ന സമ്പ്രദായത്തിൽ പരിശീലനം നേടി. രാമന്തളി, കാഞ്ഞങ്ങാട്, പയ്യന്നൂർ തായിനേരി തുടങ്ങി നിരവധി സ്ഥലങ്ങളിൽ കളരികൾ സ്ഥാപിച്ചു. കേരളത്തിനകത്തും പുറത്തുമായി വലിയ ശിഷ്യ സമ്പത്തിനുടമയായി. വട്ടേൻതിരിപ്പ് സമ്പ്രദായത്തിലെ മെയ്താരി, കോൽത്താരി, അങ്കത്താരി , വെറും കൈ എന്നിങ്ങനെ എല്ലാമുറകളും സ്വായത്തമായിരുന്നു. പിതാവിന്റെ പേരിൽ തായിനേരിയിൽ ചന്തൻ സ്മാരക കളരി സംഘം സ്ഥാപിച്ചു. സുപ്രധാനമായ വൈദ്യശാസ്ത്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കേരള ഫോക് ലോർ അക്കാദമി അവാർഡും ഫെലോഷിപ്പും നൽകി ആദരിച്ചു.