ഇരിട്ടി: മേഖലയിലെ എല്ലാ വിഭാഗത്തിലുമുള്ള നിർദ്ധനരായ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനു വേണ്ടി എസ്.എൻ.ഡി.പി യോഗം നേരിട്ട് സ്ഥാപിച്ച, നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വീർപ്പാട് ശ്രീനാരായണഗുരു കോളേജിനെ തകർക്കുവാനുള്ള ഏതാനും സാമൂഹ്യദ്രോഹികളുടെ ഇടപെടൽ ഉടൻ അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ വിളിച്ചുചേർത്ത കോളേജ് സംരക്ഷണസമിതിയുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കോളേജിനെ തകർക്കാനുള്ള ഗൂഢശ്രമത്തെ ഒറ്റക്കെട്ടായി സമുദായം നേരിടുമെന്നും ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പു നൽകി.

യോഗത്തിൽ ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി .അജി അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം.ആർ ഷാജി, യൂണിയൻ സെക്രട്ടറി പി.എൻ ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ സോമൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.ജി യശോധരൻ, കെ.എം രാജൻ, വീർപ്പാട് എസ്.എൻ.ഡി.പി ശാഖ പ്രസിഡന്റ് പി.ആർ പ്രതീഷ്, വൈസ് പ്രസിഡന്റ് ടി.എൻ. കുട്ടപ്പൻ, സെക്രട്ടറി യു.എസ് അഭിലാഷ്, ഭാരവാഹികളായ തറപ്പേൽ ശശി, പി.എസ് സുരേന്ദ്രൻ, വി.ആർ രാജേഷ്, ടി.എസ് ശ്രീനിഷ് എന്നിവർ പ്രസംഗിച്ചു.