മാഹി: മയ്യഴിപ്പുഴയോര ടൂറിസത്തിന്റെ ആത്മാവ് മാഹിയായിരിക്കണമെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു.
മയ്യഴിപ്പുഴയോരത്തെ എം. മുകുന്ദൻ പാർക്കിൽ അഡ്വ. എ.എൻ. ഷംസീർ എം എൽ .എ. വിളിച്ചുചേർത്ത മയ്യഴിപ്പുഴയോര ടൂറിസം വില്ലേജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസ്റ്റ് മേപ്പ് നോക്കി വരുന്നവരല്ല വിദേശ സഞ്ചാരികളെന്നും, സുരക്ഷിതത്വവും ശുചിത്വവുമാണ് അവരെ ഏറെ ആകർഷിക്കുന്നതെന്നും നമ്മൾ മനസിലാക്കണം.11 മാസം ജോലി ചെയ്യുകയും, ഒരു മാസം ദേശാടനം നടത്തുകയെന്നതുമാണ് യുറോപ്യന്മാരുടെ ജീവിത രീതി. ദൃശ്യാവിഷ്‌കാരം മാത്രം പോര. മറ്റ് ഭൗതിക സൗകര്യങ്ങൾ കൂടി ഉണ്ടാക്കണം. വളരെയേറെ കരുതലോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണ് ടൂറിസം. മയ്യഴിയുടെ ചരിത്രവും സംസ്‌കാരവും, പ്രകൃതി ലാവണ്യവുമെല്ലാം ഉൾച്ചേർന്നുള്ള ഒരു ചലന ദൃശ്യാവിഷ്‌കാരമുണ്ടാകണമെന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു.
ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കി ടൂറിസം വില്ലേജിനെ മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ പറഞ്ഞു. ഇതിന്- കേരള പുതുച്ചേരി സർക്കാറുകൾ കൈകോർക്കണമെന്നും എം.എൽ.എ പറഞ്ഞു.
മയ്യഴിയിൽ മൂപ്പൻ കുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും വളവിൽ കടലോരത്തെ അഞ്ച് ഏക്ര സ്ഥലത്ത് പുതിയ ഉദ്യാനമുണ്ടാക്കാനും നടപ്പാതയ്ക്ക് മുകളിലൂടെ മൂപ്പൻ കുന്നിൽ നിന്നും മഞ്ചക്കൽ ജല കേളീ സമുച്ഛയത്തിലേക്ക് കേബിൾ കാർ സ്ഥാപിക്കാനും പുതുച്ചേരി സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു.
പി.കെ. സരീഷ് കരട് പദ്ധതി പ്ലാൻ അവതരിപ്പിച്ചു. എം.ഒ. ചന്ദ്രൻ, പ്രദീപ് ചൊക്ലി, ഷിജിൻ, പി.വി. ലവ്‌ലിൻ, എം.കെ. സെയ്തു, കെ.എം. രഘുരാമൻ, ഒ. അജിത്കുമാർ, അഡ്വ. ടി. അശോക് കുമാർ, ഷൗക്കത്തലി സംസാരിച്ചു.


ചിത്രവിവരണം: മയ്യഴിപ്പുഴ ടൂറിസം വില്ലേജ് വികസന സെമിനാർ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.