നീലേശ്വരം: ചരിത്രമുറങ്ങുന്ന നീലേശ്വരത്തിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിന് ഗൗരവമേറിയ ചർച്ചയ്ക്ക് വേദിയായി കേരളകൗമുദിയും നീലേശ്വരം സർവീസ് സഹകരണ ബാങ്കും നീലേശ്വരം ടൗൺക്ളബ്ബും സംയുക്തമായി സംഘടിപ്പിച്ച വികസനസെമിനാർ. സമഗ്രതലസ്പർശിയായ പുരോഗതി ലക്ഷ്യമിട്ട് ഉയർന്നുവന്ന ഒട്ടേറെ നിർദ്ദേശങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് സർക്കാരിന്റെയും നഗരസഭയുടെയും പ്രതിനിധികളുടെ ഉറപ്പ് നൽകുക കൂടിയായതോടെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രമുഖർ സംബന്ധിച്ച പരിപാടി ഏറെ അർത്ഥവത്തായി.
വ്യാപാരഭവനിൽ സംഘടിപ്പിച്ച സെമിനാർ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ കേരളകൗമുദിയുടെ പ്രത്യേക പതിപ്പ് കേരളകൗമുദി കണ്ണൂർ യൂണിറ്റ് ചീഫ് എം.പി. ശ്യാംകുമാർ നഗരസഭ വൈസ് ചെയർമാൻ.പി.പി.മുഹമ്മദ് റാഫിക്ക് കൈമാറി. കേരളകൗമുദി സീനിയർ റിപ്പോർട്ടർ കെ.വി. ബാബുരാജൻ ആമുഖഭാഷണം നടത്തി. ചടങ്ങിൽ നീലേശ്വരം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എം. രാധാകൃഷ്ണൻനായരെയും സെക്രട്ടറി പി. രാധാകൃഷ്ണൻനായരെയും എം. രാജഗോപാലൻ എം.എൽ.എ ആദരിച്ചു. നീലേശ്വരം ജേസീസ് പ്രസിഡന്റ് സി.വി.സുരേഷ്ബാബു വിഷയാവതരണം നടത്തി. പി.കെ. ദീപേഷ് മോഡറേറ്ററായിരുന്നു.
കെ.വി. കുഞ്ഞികൃഷ്ണൻ (സി.പി.എം), മാമുനി വിജയൻ (കോൺഗ്രസ്സ്), പി. വിജയകുമാർ(സി.പി.ഐ), കെ.വി. സുരേഷ് കുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി) വി.വി. ഉദയകുമാർ (വ്യാപാരി വ്യവസായി സമിതി), നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ വി. ഗൗരി, പി. സുഭാഷ്, ടി.പി. ലത തുടങ്ങിയവർ സംസാരിച്ചു.
വിനോദ് ആറ്റിപ്പിൽ, എ.വി. ചന്ദ്രൻ, റാഷിദ് പൂമാടം, ടോമി ആറ്റുപുറം, ടി.ജെ സന്തോഷ്, ടി.വി.വിജയൻ, എം.ബാലകൃഷ്ണൻ, വി.കെ.രാമചന്ദ്രൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കേരളകൗമുദി നീലേശ്വരം റിപ്പോർട്ടർ പി.കെ. ബാലകൃഷ്ണൻ സ്വാഗതവും നീലേശ്വരം ക്ലബ്ബ് പ്രസിഡന്റ് സി. നാരായണൻ നന്ദിയും പറഞ്ഞു.
പുതിയ താലൂക്കിനായി നഗരസഭയുടെ ഇടപെടലുണ്ടാകും: ചെയർപേഴ്സൺ ടി.വി. ശാന്ത
നീലേശ്വരം: നഗരസഭ വികസനവിഷയങ്ങളിൽ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് ചെയർപേഴ്സൺ ടി.വി.ശാന്ത പറഞ്ഞു. വികസനസെമിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
പേരോൽ താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരെ നിയമിക്കാൻ നഗരസഭ ഇടപെടുന്നുണ്ട്. രാജാ റോഡ് വികസനവും താലൂക്ക് ആശുപത്രി റോഡും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മുൻകൈയെടുക്കും. നീലേശ്വരം ആസ്ഥാനമായുള്ള താലൂക്ക് രൂപീകരിക്കാനുള്ള പ്രവർത്തനത്തിന് നഗരസഭ മുൻകൈയെടുക്കുമെന്നും അവർ ഉറപ്പുനൽകി.
നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം: എം. രാധാകൃഷ്ണൻനായർ
നീലേശ്വരം: പൈതൃകനഗരമായി പരിഗണിക്കപ്പെടേണ്ട നീലേശ്വരം ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന് നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.രാധാകൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു. വികസനസെമിനാറിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നീലേശ്വരത്തിന്റെ വീണ്ടെടുപ്പിനായി ബാങ്ക് സമ്പൂർണപിന്തുണ നൽകും. നഗരത്തിൽ ഷോപ്പിംഗ് മാൾ സ്ഥാപിക്കാനുള്ള ആലോചന പുരോഗമിക്കുകയാണ്. നാല് തീയേറ്ററുകളുണ്ടായിരുന്ന നഗരത്തിൽ ഇന്ന് ഒരു തിയേറ്റർ പോലുമില്ലെന്ന പേരുദോഷം ഒഴിവാക്കുന്നതിനായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു.
നീലേശ്വരത്തിന്റെ വികസനത്തിൽ കേരളകൗമുദിയുടെ ഇടപെടലിൽ സംബന്ധിക്കാനായതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.