youth

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കെ.റൈയിൽ വിശദീകരണ യോഗത്തിനിടെ മർദ്ദിച്ച സംഭവത്തിൽ വധശ്രമകേസിൽ നിന്നും പൊലിസ് ഒഴിവാക്കി. അന്വേഷണം നടത്തുന്ന കണ്ണൂർ ടൗൺ എസ്.ഐ.നസീബാണ് വധശ്രമകുറ്റം നിലനിൽക്കില്ലെന്നു കാണിച്ച് ഇന്നലെ കോടതിയിൽ റിപ്പോർട്ടു നൽകിയത്. യൂത്ത് കോൺഗ്രസ്
സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി വധശ്രമത്തിന് ഉൾപ്പെടെ കേസെടുക്കാൻ കോടതി ഉത്തരവിട്ടത്.
ഡി.വൈ. എഫ്. ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജിർ, കല്യാശേരി ബ്‌ളോക്ക് പ്രസിഡന്റായ പി.പി ഷാജിർ , ഇരിക്കൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് , സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ് ,തദ്ദേശസ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്സനൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, തുടങ്ങി കണ്ടാലറിയാവുന്നവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
അന്യായമായ തടഞ്ഞുവയ്ക്കൽ(341) കൈകൊണ്ടും കാലുകൊണ്ടും അടിച്ചു പരക്കേൽപ്പിക്കൽ(323) അശ്ളീല ഭാഷയിൽ ചീത്തവിളിക്കൽ(294 ബി)മാരകായുധങ്ങൾ ഉപയോഗിച്ച് നരഹത്യാശ്രമം(308)ഭീഷണിപ്പെടുത്തൽ(506 ഒന്ന്) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുക്കാനായിരുന്നു നേരത്തെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഇതിൽ നരഹത്യാശ്രമമാണ് ഇപ്പോൾ ഒഴിവാക്കിയത്.

കെ.റെയിൽ വിശദീകരണ യോഗം നടന്ന ദിനേശ് ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതാണ് കേസിനാസ്പദമായ സംഭവം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കം ആറുപേർക്ക് പരിക്കേറ്റിരുന്നു.യോഗത്തിലേക്ക് കയറി ബഹളമുണ്ടാക്കിയ സംഭവത്തിൽ റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്,സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ, പ്രിനിൽ മതുക്കോത്ത്, യഹ്യയ പള്ളിപ്പറമ്പ് ജയ് ഹിന്ദ് ടി വി ഡ്രൈവർ മനീഷ് കൊറ്റാളി എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു.


പൊലീസ് സി.പി.എമ്മിന്റെ ഭൃത്യൻമാർ: റിജിൽമാക്കുറ്റി
കണ്ണൂർ: എ.കെ.ജി സെന്ററിൽ നിന്നും ശമ്പളം പറ്റുന്നവരാണെന്ന ധാരണയിൽ സി.പി. എമ്മിന്റെ ഭൃത്യൻമാരെപ്പോലെയാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആരോപിച്ചു. തങ്ങളെ അക്രമിച്ചതിന് തെളിവായി വീഡിയോ ദൃശ്യങ്ങളുണ്ട്.ഇതിനെതിരെ കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷൻ മാർച്ചു നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.