നീലേശ്വരം: ഉജ്വലമായ പാരമ്പര്യവും ചരിത്രവുമുള്ള സാമൂഹ്യവും ഭൗതികവുമായ പശ്ചാത്തലം ഏറെയുള്ള നീലേശ്വരം നഗരം ഇനിയും കൂടുതൽ വികസിക്കേണ്ട നഗരമാണെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ എന്തുകൊണ്ടോ വികസന കാര്യത്തിൽ പ്രതീക്ഷിച്ച വികസനം എത്തിക്കാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. അതുകൊണ്ട് വികസനം തീരെയില്ല എന്നും അർത്ഥമാക്കരുത്. എല്ലാവരും ഉന്നയിക്കുന്ന വിമർശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ട് വരുംകാലങ്ങളിൽ നാടിന്റെ സമഗ്രമായ വികസനത്തിന് കൈകോർത്ത് മുന്നോട്ടുപോകാമെന്ന് എം. രാജഗോപാലൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വികസന കാഴ്ചപ്പാടിൽ കേരളകൗമുദിയുടെ ഉദ്യമം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്ത് വികസന കാഴ്ചപ്പാടിൽ തന്നെ സമൂഹത്തിൽ മാറ്റം വരികയാണ്. റോഡും പാലങ്ങളും അടക്കം അടിസ്ഥാന മേഖലയിലെ പശ്ചാത്തല വികസനത്തോടൊപ്പം തന്നെ സമൂഹത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന വികസന പരിപ്രേക്ഷ്യം എന്നതാണ് പുതിയ കാഴ്ചപ്പാട്. വികസന രംഗത്ത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടുള്ള സുതാര്യമായ നിലപാടാണ് ഇന്നാവശ്യം. ശാസ്ത്ര സാങ്കേതിക പരിജ്ഞാന മേഖല വളരുന്നതിനാൽ വൈജ്ഞാനിക സമൂഹത്തിന്റെ വിജ്ഞാന സമ്പത്തിനെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. രാജാറോഡ് വികസനത്തിനായി പദ്ധതി കൊണ്ടുവന്നത് എൽ.ഡി.എഫ് സർക്കാരാണ്. നീലേശ്വരം ഇടത്തോട് റോഡിന് കോടികണക്കിന് രൂപ വകയിരുത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ്. ഇ.എം.എസ് സ്റ്റേഡിയം കൊണ്ടുവന്നതും ഇതേ സർക്കാരാണ്. കഴിഞ്ഞ സർക്കാർ തുക വകയിരുത്തി ഏറ്റവും മനോഹരമായ സ്റ്റേഡിയം സാക്ഷാത്കരിക്കാൻ കഴിഞ്ഞു.

1957 ലെ സ്വപ്നമാണെങ്കിലും അത് പ്രാവർത്തികമാക്കാൻ ഈ സർക്കാർ തന്നെ വേണ്ടിവന്നു. ടൂറിസം പ്രദേശമായി പാലായി റഗുലേറ്റർ കം ബ്രിഡ്ജ് മാറിയിട്ടുണ്ട്. കച്ചേരിക്കടവ് പാലത്തിന്റെ എസ്റ്റിമേറ്റ് സംബന്ധിച്ചു വിഷയം ഉണ്ടായിരുന്നു. രാജ റോഡ് പദ്ധതി വർക്ക് കെ.ആർ.എഫ്.ബിയാണ് നോക്കുന്നത്. ഇതിനായി സ്‌പെഷ്യൽ തഹസിൽദാരെയും ജീവനക്കാരെയും നിയമിച്ചു. കാലതാമസം ഒഴിവാക്കാൻ ശ്രമിക്കും. എടത്തോട് റോഡിന്റെ സാങ്കേതിക പ്രശ്നവും പരിഹരിക്കും. നബാർഡിന്റെ അപൂർവ്വം പദ്ധതികൾ ഇത്തവണ അംഗീകരിച്ചതിൽ മാട്ടുമ്മൽ പാലം ഉൾപ്പെടുത്താൻ കഴിഞ്ഞു. ബി.ആർ.ഡി.സിയുമായി ചർച്ച നടത്തി ടൂറിസം പദ്ധതിയും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. നീലേശ്വരം രാജകുടുംബവുമായി ചർച്ച ചെയ്തു ധാരണ എത്തിയാൽ ചരിത്ര മ്യൂസിയം യാഥാർഥ്യമാക്കാൻ കഴിയും. സ്ഥലത്തിന്റെ അപര്യാപ്തതയാണ് നീലേശ്വരം താലൂക്ക് ആശുപത്രിയുടെ പ്രശ്നം. എന്നാൽ ഡയാലിസിസ് യൂണിറ്റ് ലഭിച്ചപ്പോൾ നീലേശ്വരം തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടെന്നും എം.രാജഗോപാലൻ എം.എൽ.എ പറഞ്ഞു.