
കണ്ണൂർ: കർണാടകയുമായി ബന്ധിപ്പിക്കുന്ന തലശ്ശേരി -വീരാജ് പേട്ട അന്തർസംസ്ഥാന പാതയിലെ കൂട്ടുപുഴയിൽ നിർമ്മിച്ച പുതിയ പാലം 31ന് തുറന്നുകൊടുക്കും. നേരത്തെ ജനുവരി ഒന്നിന് പാലം തുറന്നു കൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന മണിക്കൂറിൽ കർണാടക വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇതേപാതയിൽ നിർമ്മാണം പൂർത്തിയാക്കിയ എരഞ്ഞോളി പാലത്തിനൊപ്പം 31ന് രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് പാലം നാടിന് സമർപ്പിക്കുന്നത്. സണ്ണിജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിൽ പെടുത്തി 356 കോടിയുടെ തലശേരി വളവുപാറ അന്തർ സംസ്ഥാന പാതയുടെ നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് കൂട്ടുപുഴയിൽ പുത്തൻപാലം നിർമ്മിച്ചത്.
പ്രതിസന്ധികളെ പാലംകടത്തി
നിരവധി പ്രതിസന്ധികളാണ് കൂട്ടുപുഴ പാലം നിർമ്മാണത്തിൽ നേരിട്ടത്. അഞ്ചുതൂണുകളിലായി 90 മീറ്റർ നീളത്തിലുള്ള പാലത്തിന്റെ പ്രവൃത്തി 2017 ഒക്ടോബറിലാണ് തുടങ്ങുന്നത്. കൂട്ടപുഴ ഭാഗത്തെ തൂണിന്റെ അടിത്തറ പൂർത്തിയാക്കി മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള പുഴ പുറമ്പോക്ക് ഭൂമിയിൽ തൂണിന്റെ നിർമ്മാണം ആരംഭിച്ചതോടെ കർണാടക വനംവകുപ്പ് എതിർപ്പുമായി എത്തി. മുൻകൂർ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് നിർമ്മാണം തടഞ്ഞു.പുഴയുടെ മറുകരവരുന്ന മാക്കൂട്ടം പുഴക്കര പൂർണ്ണമായും തങ്ങളുടേതാണെന്ന് സ്ഥാപിക്കാൻ കൂടിയായിരുന്നു ഈ അവകാശവാദം. പലതട്ടുകളിലായി ചർച്ച നടത്തിയിട്ടും പരിഹാരമില്ലാതെ മൂന്ന് വർഷം നഷ്ടമായി. നിരന്തരമായ ചർച്ചകൾക്കും അസംഖ്യം രേഖകളുടെ പരിശോധനയ്ക്കും ശേഷം 2020 ഏപ്രിൽ 23ന് ദേശീയ വന്യജീവി ബോർഡിന്റെ അന്തിമാനുമതി ലഭിച്ചു.
നിർമ്മാണം പുനരാരംഭിച്ചപ്പോൾ കൊവിഡിൽ കുടുങ്ങി പ്രവൃത്തി മുടങ്ങി. ആറുമാസംകൊണ്ട് തീർക്കേണ്ട പ്രവൃത്തി നാലുതവണ നീട്ടിനൽകിയാണ് ഇപ്പോൾ പൂർത്തിയായത്. രണ്ടുതവണത്തെ പ്രളയങ്ങളും പ്രവൃത്തിയെ വൈകിപ്പിച്ച ഘടകമാണ്. പാലം നിർമ്മാണം അനിശ്ചിതാവസ്ഥയിലായതിനെ ചൊല്ലി നിരവധി രാഷ്ട്രീയ പ്രക്ഷോഭങ്ങളും കൂട്ടുപുഴയിൽ നടന്നിരുന്നു.
ഏഴു പാലങ്ങൾ
കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി തലശ്ശേരി - വളവുപാറ റോഡിൽ പണിത ഏഴു പാലങ്ങളും 31ന് ഗതാഗതത്തിന് തുറന്നു കൊടുക്കും.