പയ്യാവൂർ: കാർഷിക വിളകൾ മുച്ചൂടും നശിപ്പിച്ച് മലയോരത്തിന്റെ സ്വൈരംകെടുത്തുന്ന കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടിയ മാട്ടറക്കാർ തീർത്തത് മധുര പ്രതികാരത്തിന്റെ തേനീച്ച വേലി. മാട്ടറയിൽ 1.2 കിലോമീറ്റർ വനാതിർത്തിയിലെ മുപ്പതോളം കുടുംബങ്ങൾ ഇപ്പോൾ സമാധാനമായി ഉറങ്ങുന്നതും ഈ തേനീച്ചവേലിയുടെ കരുത്തിലാണ്. മാട്ടറ വാർഡ് അംഗം സരൂൺ തോമസിന്റെ നേതൃത്വത്തിലാണ് ഹണിബീ ഫെൻസിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കർഷകരായ ജയ് പ്രവീൺ കിഴക്കേ തകിടിയേൽ, വർഗീസ് ആത്രശ്ശേരി, സെബാസ്റ്റ്യൻ തെനംകാലയിൽ, ഇന്നസെന്റ് വടക്കേൽ, ബിനു കല്ലുകുളങ്ങര, അഭിലാഷ് കാരികൊമ്പിൽ, അമൽ ജോസഫ്, സി.ഡി. അമൽ എന്നിവരും തേനീച്ച വേലിയുടെ നിർമ്മാണത്തിന് നേതൃത്വം നൽകി.
ആനകൾ ഇറങ്ങുന്ന വഴികളിലാണ് ആദ്യഘട്ടത്തിൽ തേനീച്ച പെട്ടികൾ സ്ഥാപിക്കുന്നതെങ്കിലും ഒരു വർഷം കൊണ്ട് വനാതിർത്തിയിൽ പൂർണമായും ഇവ സ്ഥാപിക്കും. 27 പെട്ടികളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്.
ഉളിക്കൽ പഞ്ചായത്ത് കർഷകർക്കായി സബ്‌സിഡി നിരക്കിലാണ് തേനീച്ച പെട്ടികൾ നൽകുന്നത്. വനാതിർത്തിയിലെ സ്ഥലമുടമകളായ കർഷകരിൽ നിന്നും പണം കണ്ടെത്തി രണ്ട് കർഷകരെ പരിപാലന ചുമതല ഏല്പിച്ചാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.
ഹണി ബീ ഫെൻസിംഗ്
കാട്ടാനക്കൂട്ടം തുടർച്ചയായി വന്ന് കൃഷിയിടങ്ങൾ നശിപ്പിച്ച വഴികളിൽ സോളാർ ഫെൻസിംഗിനോട് ചേർന്ന് തേനീച്ച പെട്ടികൾ മൂന്നുമീറ്റർ അകലത്തിൽ സ്ഥാപിക്കുന്ന രീതിയാണ് ഇത്. പൊതുവെ ഇറ്റാലിയൻ തേനീച്ചകളെയാണ് ഉപയോഗിക്കുന്നതെങ്കിലും ഇവിടുത്തെ കാലാവസ്ഥയോട് ചേർന്ന നാടൻ തേനീച്ചകളെ ആണ് പെട്ടിയിൽവെക്കുന്നത്. തേനീച്ചകളുടെ മൂളൽ ശബ്ദം ഏറെ ദൂരത്തു നിന്ന് തന്നെ കേൾക്കുന്നതിലൂടെ ആനകൾ ഭയന്ന് പിന്തിരിയും എന്നതാണ് പ്രത്യേകത. തേനീച്ചകളുടെ ആക്രമണത്തിൽ ആനകൾക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല.
കുടകിൽ വിജയിച്ച പരീക്ഷണം
കാട്ടാനകളെ തുരത്താൻ കർണാടകയിലെ കുടകിലാണ് ഹണിബീ ഫെൻസിംഗ് ആദ്യം പരീക്ഷണാടിസ്ഥനത്തിൽ തുടങ്ങിയത്. പത്തുവർഷം മുമ്പ് കുടകിൽ തുടങ്ങിയ ഈ പരീക്ഷണം ഒരു പരിധി വരെ വിജയം കണ്ടതോടെയാണ് കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന മാട്ടറയിലും ഇതു തുടങ്ങാൻ തീരുമാനിച്ചത്. ചെറിയ മുതൽ മുടക്കിൽ തീർക്കുന്ന ഈ പ്രതിരോധ മാർഗത്തിലൂടെ ഏക്കർ കണക്കിന് കൃഷി ഭൂമികൾ സംരക്ഷിക്കാൻ സാധിക്കും.
തേനീച്ചപ്പെട്ടികളുടെ എണ്ണം വർദ്ധിക്കുന്നതോടെ കർഷകരുടെ സംഘം രൂപീകരിച്ച എ ഗുണമേന്മ ഉള്ള തേൻ വിപണിയിലെത്തിക്കാൻ കഴിയും. പരീക്ഷണം വിജയിച്ചാൽ ചിലവുകുറഞ്ഞതും വരുമാന മാർഗമായും ചെയ്യാൻ സാധിക്കുന്ന ആന പ്രതിരോധമായി പദ്ധതി മാറും.
സരൂൺ തോമസ്
വാർഡ് അംഗം