memu
കണ്ണൂർ- മംഗലാപുരം മെമു സർവിസിന് കണ്ണൂർ സ്റ്റേഷനിൽ നൽകിയ യാത്രയയപ്പ്

കണ്ണൂർ: പാസഞ്ചർ ട്രെയിൻ സർവിസ് വെട്ടി കണ്ണൂർ- മംഗലാപുരം റൂട്ടിൽ മെമു സർവിസ് തുടങ്ങിയെങ്കിലും യാത്രാദുരിതം പഴയപടി തന്നെ. പഴയ മംഗളൂരു പാസഞ്ചറിന് പകരമായി മെമു സർവാസ് തുടങ്ങിയതാണ് യാത്രാദുരിതത്തിന് പരിഹാരമാകാത്തത്. പുതിയ സർവിസുകൾ വേണമെന്ന് യാത്രക്കാരുടെ ആവശ്യത്തിനോട് മുഖംതിരിക്കുകയാണ് റെയിൽവേ അധികൃതർ.

റിപ്പബ്ലിക് ദിനത്തിൽ കണ്ണൂരിൽ നിന്നും മംഗലാപുരത്തേക്ക് കന്നിയാത്ര ആരംഭിച്ച കണ്ണൂർ -മംഗലാപുരം സർവീസിന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി ഗംഭീര യാത്രയയപ്പ് നൽകി. മെമു സർവീസ് ട്രെയിനിന്റെ മാതൃക ആലേഖനം ചെയ്ത കൂറ്റൻ കേക്ക് മുറിച്ച് കൊണ്ടും ട്രെയിനിൽ പുഷ്പ മാലകൾ ചാർത്തിയും ഒപ്പം വാഴകളും ബലൂണുകളും കൊണ്ട് അലങ്കരിച്ചും കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ ജീവനക്കാരും യാത്രക്കാരും അടങ്ങുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് യാത്രയയപ്പ് നൽകിയത്. സ്റ്റേഷൻ മാസ്റ്റർ സജിത്ത് പച്ചക്കൊടി കാണിച്ചതോടെ മെമു സർവീസിന്റെ കന്നി യാത്രയ്ക്ക് തുടക്കമായി.

നിലവിൽ കണ്ണൂർ- മംഗളൂരു ട്രെയിൻ സർവിസ് നടത്തുന്നതു പോലെ അൺറിസർവ്ഡ് എക്‌സ്പ്രസ് സ്‌പെഷൽ ആയാണ് മെമുവും സർവിസ് നടത്തുന്നത്. നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ റഷീദ് കവ്വായി, ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, കെ.പി. രാമകൃഷ്ണൻ തുടങ്ങിയവർ യാത്രയയപ്പിന് നേതൃത്വം നൽകി.

യാത്രചെയ്യാം 3600 പേർക്ക്

3 ഫേസ് മെമു കോച്ചുകളിൽ ആയിരത്തോളം പേർക്ക് ഇരുന്നും 2600പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. 3600പേർക്ക് ഒരേ സമയം സഞ്ചരിക്കാമെന്നത് ട്രെയിൻ സർവിസുകൾ കുറവുള്ള കണ്ണൂർ-മംഗളൂരു പാതയിൽ വലിയ അനുഗ്രഹമാകും. കോച്ചുകളിൽ സി.സി ടി.വി സംവിധാനം, എൽ.ഇ.ഡി ലൈറ്റുകൾ, മെട്രോ ട്രെയിനുകളിൽ എന്ന പോലെ സ്‌റ്റേഷനുകളുടെ വിവരങ്ങൾ എഴുതിക്കാണിക്കാനുള്ള ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡുകൾ, ചാരി ഇരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം എന്നിവ യാത്ര കൂടുതൽ സൗകര്യപ്രദമാക്കും. പഴയ ട്രെയിനിൽ ഇതിൽ പകുതിയോളം പേർക്കു മാത്രമേ ഒരു സമയം യാത്ര ചെയ്യാൻ സാധിക്കൂ.

നോർത്ത് മലബാർ റെയിൽവേ സ്റ്റേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നിരന്തരമായ ഇടപെടൽ കൊണ്ടാണ് മലബാറിലെ യാത്രക്കാർക്ക് ആശ്വാസകരമായി ഇത്തരത്തിലൊരു സർവീസ് ആരംഭിക്കാൻ സാധിച്ചത്.

അഡ്വ. റഷീദ് കവ്വായി.