തളിപ്പറമ്പ്: നാട്ടുകാരെ ആക്രമിക്കുകയും വീട്ടിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോ തകർക്കുകയും ചെയ്തതായി പരാതി. സജീവ സി.പി.എം പ്രവർത്തകനും പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാല വൈസ് പ്രസിഡന്റുമായ പി.പി.രാജേഷിന്റെ കെ.എൽ. 59 ബി 2370 ഗുഡ്സ് ഓട്ടോറിക്ഷയാണ് തകർത്തത്. ബുധനാഴ്ച രാത്രി 10 മണിയോടെ പുളിമ്പറമ്പ് മുത്തപ്പൻ ക്ഷേത്രത്തിന് പിറകുവശത്തെ മൈതാ നത്തിൽ തമ്പടിച്ച യുവാക്കളുടെ സംഘം പരിസരവാസികളായ ലോട്ടറി ഏജന്റ് മനോജിനെയും കാറ്ററിംഗ് സർവീസ് നടത്തുന്ന ടി.വി. മുരളിയെയും ആക്രമിച്ചിരുന്നു. ബഹളംകേട്ട് രാജേഷ് ഉൾപ്പെടെയുള്ളവർ സ്ഥലത്തുപോയി സംഘത്തെ പിന്തിരിപ്പിച്ചിരുന്നു. പുലർച്ചെ ശബ്ദംകേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് രാജേഷിന്റെ ഗുഡ്സ് ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ തകർത്തത് കണ്ടത്. പുളിമ്പറമ്പ് സ്വദേശികളായ ഉനൈസ്, അരുൺ, സങ്കീർത്ത്, ഋഷികേശ്, അതുൽ മണി എന്നിവർക്കെതിരെ രാജേഷ് പൊലീസിൽ പരാതി നല്കി.