പയ്യന്നൂർ: യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെയാണ് കൊവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതെന്ന് ആരോപിച്ച്, ആയുഷ് ജനകീയ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് പ്രവർത്തകർ പയ്യന്നൂർ ക്വിറ്റിന്ത്യാ സ്തൂപത്തിന് മുൻപിൽ ആരോഗ്യ സ്വരാജ് സത്യഗ്രഹം നടത്തി.
കൊവിഡ് പ്രതിരോധ രംഗത്ത് ആയുഷ് ചികിത്സാ വിഭാഗങ്ങൾ മികച്ച ഫലമുണ്ടാക്കിയിട്ടും സർക്കാർ അത് കണ്ടില്ലെന്നു നടിക്കുകയാണെന്ന് ജനകീയ ഐക്യവേദി ആക്ഷേപിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടന്ന സത്യഗ്രഹം ആയുഷ് ജനകീയ ഐക്യവേദി ചെയർമാൻ അഡ്വ. പി.എ. പൗരൻ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ, പ്രൊഫ. ടി.എം. സുരേന്ദ്രനാഥ്, സി. മോഹൻ, സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.എം. ബാലകൃഷ്ണൻ, കെ.ഇ. കരുണാകരൻ, കെ. വിശ്വംഭരൻ, കെ. ഹരിദാസൻ, സവിത തളിപ്പറമ്പ്, ജേക്കബ്ബ് മേലേടം, അബ്ദുൾ നാസർ കമ്പിൽ, സണ്ണി പൈകട തുടങ്ങിയവർ നേതൃത്വം നൽകി.