ചെറുവത്തൂർ/ തൃക്കരിപ്പൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ സർവീസ് ആരംഭിച്ച മെമുവിന് ചെറുവത്തൂരിലും തൃക്കരിപ്പൂരിലും നാട്ടുകാർ ഊഷ്മളമായ സ്വീകരണം നൽകി. അതോടൊപ്പം ചന്തേര റെയിൽവേ ട്രെയിൻ ഹാൾട്ടിൽ മെ മു സർവീസിന് സ്റ്റോപ്പില്ലാത്തത് പ്രതിഷേധത്തിനും ഇടയാക്കി.
കണ്ണൂർ -മംഗളൂരു പാസഞ്ചറിന് പകരമുള്ളതാണ് ഈ പകൽ വണ്ടി. രാവിലെ മംഗളൂരുവിലേക്കും തിരിച്ച് വൈകീട്ട് കണ്ണൂരിലേക്കുമാണ് സർവീസ്. അലങ്കരിച്ചെത്തിയ മെമുവിന് തൃക്കരിപ്പൂർ പൗരാവലി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ദിവസേന രാവിലെ 8.28നും, വൈകിട്ട് 6.48നും മെമു തൃക്കരിപ്പൂരിലെത്തും. പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് എഞ്ചിൻ ഡ്രൈവവർക്ക് ബൊക്കെ കൈമാറി, ഷാളും അണിയിച്ചു. വ്യാപാരി പ്രതിനിധി എ.ജി. മുഹമ്മദ് അമീൻ, എസ്. കുഞ്ഞഹമ്മദ്, കെ വി. വിജയൻ, പി. മഷൂദ് തുടങ്ങിയവർ ചേർന്നാണ് സ്വീകരണം നൽകിയത്.
കോൺഗ്രസ് ചെറുവത്തൂർ നൂറ്റി ഏഴാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെമു പാസഞ്ചർ ട്രെയിന് ചെറുവത്തൂരിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഒ.ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ഹംസൻ പയ്യങ്കി, കെ. ദിലീപ് കുമാർ, കെ.കെ കുമാരൻ മാഷ്, സി. ചിത്രാകരൻ, കെ.വി.കരുണാകരൻ, ടി. രാജീവൻ, ഇ. സ്വാമി കുട്ടി, സി. മോഹനൻ, എം. വിജയൻ പണിക്കർ, പി.സി പ്രദീപൻ, സി. ഷിബു, പി.വി. ബാലകൃഷ്ണൻ, പി.വി. ബിജു സംബന്ധിച്ചു.
ചന്തേരയ്ക്ക് ഭീഷണി
ചന്തേരയിൽ മെമുവിന് സ്റ്റോപ്പില്ലാത്തത് ഈ സ്റ്റേഷന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്. നാല് പാസഞ്ചർ ട്രെയിനുകൾക്കാണ് ചന്തേരയിൽ സ്റ്റോപ്പുണ്ടായിരുന്നത്. ലോക്ക് ഡൗൺ കാലത്ത് ട്രെയിൻ ഗതാഗതം നിർത്തലാക്കിയതോടെയാണ് ചന്തേരയുടെ കഷ്ടകാലം ആരംഭിച്ചത്. പിന്നീട് ട്രെയിൻ സർവ്വീസ് പുനഃസ്ഥാപിച്ചുവെങ്കിലും ചന്തേരയിൽ ഒരു ട്രെയിനും നിർത്താതെയായി. തുടർന്ന് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധ സമരം നടത്തിയതോടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് റെയിൽവേ അധികൃതർ അറിയിച്ചെങ്കിലും കാര്യങ്ങളൊന്നും നടന്നില്ല. ഒരു ട്രെയിനും നിർത്താത്ത ചന്തേരയിൽ സ്റ്റേഷൻ വികസനം നടക്കുന്നുമുണ്ട്. രണ്ടു ഭാഗത്തേയും പ്ലാറ്റ്‌ഫോമിൽ മണ്ണിട്ടുയർത്തി വൃത്തിയാക്കിയിട്ടുണ്ട്.