2
.കാസർകോട് ഗസ്റ്റ് ഹൌസിൽ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ച പ്രവർത്തകരെ പൊലീസ് തടയുന്നു

കാസർകോട്: ദേശീയപതാക തലതിരിച്ച് ഉയർത്തിയതു സംബന്ധിച്ച വിവാദങ്ങൾക്കിടെ കാസർകോട് ഗസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന മന്ത്രി അഹമ്മദ് ദേവർകോവിലിനെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ ഗസ്റ്റ് ഹൗസിൽ നിന്ന് മന്ത്രി പുറത്തിറങ്ങിയപ്പോഴാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ മധൂർ, സംസ്ഥാന വനിതാ കൺവീനർ ടി. അഞ്ജു ജോസ്, ജില്ലാ ജനറൽ സെക്രട്ടറി കീർത്തൻ ജെ. കുഡ്‌ലു, അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഉടൻ തന്നെ ഇവരെ നീക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർ സ്ഥലത്ത് കുത്തിയിരുന്നു. വനിതാ പൊലീസ് ഇല്ലാതെ അഞ്ജു ജോസിനെ കൈയേറ്റം ചെയ്യാൻ പൊലീസും ഐ.എൻ.എൽ പ്രവർത്തകരും ശ്രമിച്ചു എന്നാരോപിച്ച് ചോദ്യം ചെയ്തിതിനെ തുടർന്ന് പൊലീസുമായി തർക്കവും വാക്കേറ്റവുമുണ്ടായി. വനിതാ പൊലീസ് എത്തിയതിന് ശേഷം യുവമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. മന്ത്രി രാജിവയ്ക്കണമെന്നും പതാക ഉയർത്തി ഏറെ നേരത്തിന് ശേഷവും തെറ്റ് തിരിച്ചറിയാൻ മന്ത്രിക്കും ഉദ്യോഗസ്ഥർക്കും കഴിയാത്തത് ഗൗരവതാരമാണെന്നും യുവമോർച്ച ആരോപിച്ചു.