പയ്യന്നൂർ: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പയ്യന്നൂരിൽ പ്രതിഷേധം ശക്തമാക്കി. വീടും സ്ഥലവും വിട്ടുനൽകാൻ തയ്യാറല്ലെന്നും, വിവരങ്ങൾ നൽകില്ലെന്നും പറഞ്ഞു സാമൂഹിക ആഘാത പഠനത്തിൽ വിവരശേഖരണ ഫോറത്തിൽ ഒപ്പിടാതെ, മമ്പലം കാനത്തെ ഏതാനും വീട്ടുകാർ സർവേ ബഹിഷ്കരിക്കുകയായിരുന്നു. കിഴക്കെ വീട്ടിൽ യശോദമ്മ, ടി.വി. രഘു, കെ.വി. പ്രീതി, ടി.ടി. സഹജൻ, കെ. രമ്യ, ജനാർദ്ദനൻ കുറുവാട്ടിൽ, പി.വൈ. ഡേവിഡ്, കെ.വി. കൃഷ്ണൻ, കെ. ചന്ദ്രൻ, ടി.ടി. ആശ, ടി.വി. ബാലൻ, ജയപ്രകാശൻ, പടിഞ്ഞാറ്റയിൽ പത്മിനി തുടങ്ങിയവരാണ് സാമൂഹിക ആഘാത പഠനം ബഹിഷ്കരിച്ചതെന്ന് കെ റെയിൽ പ്രതിരോധ സമിതി ഭാരവാഹികൾ പറഞ്ഞു.

പഠനം നടക്കുന്ന സ്ഥലത്തെത്തിയ പ്രതിരോധ സമിതി പ്രവർത്തകരെ സർവേ പ്രദേശത്തേക്ക് കടത്തിവിടാതെ പൊലീസ് വഴിയിൽ തടഞ്ഞു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച പ്രതിരോധ സമിതി പ്രവർത്തകരായ അപ്പുക്കുട്ടൻ കാരയിൽ, അത്തായി ബാലൻ, കെ.സി. ഹരിദാസൻ, പി. മുരളീധരൻ, പി.സി. ബാലചന്ദ്രൻ, വി.കെ. അമർനാഥ്, കെ.പി. വിനോദ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. സംഘർഷ സാദ്ധ്യതയുണ്ടെന്നതിനാലാണ് പ്രവർത്തകരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നു.

അറസ്റ്റിൽ പ്രതിഷേധം

കെ റെയിൽ പദ്ധതിക്ക് വേണ്ടി കാനത്ത് സാമൂഹികാഘാത പഠനം നടത്താനെത്തിയ സംഘത്തെ കാണാനും പദ്ധതി മൂലം വീടും സ്ഥലവും നഷ്ടപ്പെടുന്ന ജനങ്ങളോടൊപ്പം സർവേ ബഹിഷ്കരണത്തിൽ പങ്കെടുക്കാനുമെത്തിയ പയ്യന്നൂരിലെ കെ റെയിൽ പ്രതിരോധ സമിതി പ്രവർത്തകരെ അന്യായമായി തടഞ്ഞുവയ്ക്കുകയും അറസ്റ്റ് ചെയ്യുകയും സി.പി.എം., ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പഠന സംഘത്തോടൊപ്പം പോകാൻ അനുവദിക്കുകയും ചെയ്ത പൊലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ കെ റെയിൽ സിൽവർലൈൻ പ്രതിരോധ സമിതി പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിലുള്ള ജനങ്ങളുടെ പ്രതിഷേധത്തെ ഭീഷണിപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ചും ഇല്ലാതാക്കാൻ സാധിക്കില്ലെന്ന് പ്രതിരോധ സമിതി ചെയർമാൻ ടി.പി. പത്മനാഭനും കൺവീനർ വി.കെ. രവീന്ദ്രനും അറിയിച്ചു.