plant13
പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മാണ പ്രവൃത്തി

കണ്ണൂർ: നഗരത്തിൽ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. 23.6 കോടി ചെലവഴിച്ചാണ് വൻനഗരങ്ങൾക്കു സമാനമായി കണ്ണൂരിലും പ്ലാന്റ് വരുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളും തദ്ദേശ സ്വയംഭരണസ്ഥാപനവും സംയുക്തമായാണ് പദ്ധതിനടപ്പിലാക്കുന്നത്.
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചു ആധുനികരീതയിലുള്ള പ്ലാന്റാണ് നിർമ്മിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പ്ലാന്റിലൂടെ പ്രതിദിനം പത്തുലക്ഷം ലിറ്റർ ശുദ്ധീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈപ്ലാന്റിന്റെ ചെറുപതിപ്പ് നഗരത്തിലെ ആശുപത്രികളിലും മറ്റുമുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇത്തരം പ്‌ളാന്റുകൾ വരുന്നുണ്ട്.
കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ അൻപതുശതമാനം തുക അനുവദിച്ചതാണ് കോർപറേഷന് നേട്ടമായത്. സംസ്ഥാന സർക്കാരിന്റെ 30 ശതമാനവും കോർപ്പറേഷന്റെ 20 ശതമാനം ഫണ്ടും പദ്ധതിക്കായി ചെലവഴിക്കും.

പൈപ്പുവഴി മലിനജലമെത്തിക്കും
പൈപ്പുവഴിയാണ് പ്ലാന്റിലേക്ക് വീടുകളിൽ നിന്നും മലിനജലമെത്തിക്കുക. പ്രധാനമായും അടുക്കളയിലും മറ്റും ഉപയോഗിക്കുന്ന വെള്ളമാണ് ഇങ്ങനെ ശേഖരിക്കുന്നത്. കാനത്തൂർ, താളിക്കാവ് എന്നീ വാർഡുകളിലെ 13 റോഡുകളിലൂടെ പൈപ്പിടും. വീടുകളെയും സ്ഥാപനങ്ങളെയും ഇതുമായി ബന്ധിപ്പിക്കും. തൃശൂരിലുള്ള സഹകരണ സ്ഥാപനമായ ടി.ഡി.എൽ.സിയെന്ന സ്ഥാപനമാണ് പ്ലാന്റിന്റെ പ്രവൃത്തി നടത്തുന്നത്. പദ്ധതി പൂർത്തിയാക്കി അഞ്ചുവർഷവും അവർ തന്നെയായിരിക്കും നടത്തിപ്പുകാർ. പ്ലാന്റിൽ നിന്നും ഫിൽട്ടർ ചെയ്യുന്ന മലിനജലം വീണ്ടും കുടിക്കാനോ പാചകത്തിനോ ഉപയോഗിക്കാൻ കഴിയില്ലെങ്കിലും കൃഷിക്കും തുണിയലക്കാനും മറ്റു ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കഴിഞ്ഞ ഒരുമാസമായി പടന്നപ്പാലത്ത് പ്‌ളാന്റിന്റെ പ്രവർത്തനം നടന്നുവരികയാണ്. പൂർണമായും മൂടിയ നിലയിലായതു കൊണ്ടു ദുർഗന്ധമോ ശബ്ദമോ പുറത്തുവരില്ല. 16.5സെന്റ് സ്ഥലത്താണ് പ്ലാന്റ്‌വരിക.


ആറുമാസം കൊണ്ട് 14 കിലോമീറ്റർ പൈപ്പിടൽ പൂർത്തിയാക്കും. പ്ലാന്റ് നിർമ്മാണം സമീപവാസികളെ പ്രതികൂലമായി ബാധിക്കില്ല. ചെറിയ മോഡൽ പ്ലാന്റുകൾ സ്വകാര്യസ്ഥാപനങ്ങളിൽ പരീക്ഷിച്ചുവിജയിച്ചതാണ്. ജലക്ഷാമം നേരിടുന്ന കണ്ണൂർ നഗരത്തിന് ഏറ്റവും അത്യാവശ്യമായ പദ്ധതികളിലൊന്നാണിത്.

അരുൺ (പ്രൊജക്ട് മാനേജർ, ടി.ഡി.എൽ.സി)