ആലക്കോട്: നടുവിൽ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച ബേബി ഓടംപള്ളിക്ക് വീണ്ടും പ്രസിഡന്റ് പദവി നൽകി പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിക്കും. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളെത്തുടർന്ന് നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെട്ട് ഒരുവർഷം തികഞ്ഞപ്പോഴാണ് കോൺഗ്രസ് നേതൃത്വം പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങിയത്. ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലീംലീഗിലെ സീനത്തിന് നൽകാനും തീരുമാനമായി. ഫെബ്രുവരി 9 ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും 10 ന് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. കോൺഗ്രസ് എ വിഭാഗത്തിന്റെ എതിർപ്പ് മൂലമാണ് പഞ്ചായത്ത് ഭരണം തന്നെ നഷ്ടപ്പെടാനിടയാക്കിയത് എന്ന തിരിച്ചറിവ് കെ.പി.സി.സി ക്കും ഡി.സി.സി ക്കും ബോദ്ധ്യപ്പെട്ടതോടെയാണ് ഇരുവിഭാഗങ്ങളുമായി ചർച്ചകൾ നടത്തി ധാരണയിലെത്തിയിട്ടുള്ളത്. എ വിഭാഗത്തിന് മുൻതൂക്കമുള്ള കരുവൻചാൽ, നടുവിൽ മണ്ഡലം കമ്മിറ്റികൾ മാത്രമാണ് ഇപ്പോൾ ഇതിന് തടസ്സം നിന്നത്. അവരെ കൂടി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി പ്രശ്‌നങ്ങൾ പരിഹരിക്കുവാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.