തൃക്കരിപ്പൂർ: വിദേശ രാജ്യങ്ങളിൽ ഏറെ പ്രചാരമുള്ള കാറോട്ടമത്സരത്തിൽ മികച്ച പ്രകടനത്തോടെ അംഗീകാരം നേടി തൃക്കരിപ്പൂർ സ്വദേശി. തങ്കയത്തിനടുത്ത കക്കുന്നത്തെ എം.എസ്. സാഗറാണ് (33) വർഷങ്ങളോളം പ്രത്യേക പരിശീലനം നേടിയവർ മാത്രം മാറ്റുരക്കാറുള്ള ഓട്ടോ ക്രോസ് (റേസ്) ഇനത്തിൽ ഒന്നാംസ്ഥാനവും സ്റ്റോക്കിൽ മൂന്നാംസ്ഥാനവും നേടിയത്
കഴിഞ്ഞയാഴ്ച എറണാകുളത്തെ തൃപ്പൂണിത്തുറയിൽ നടന്ന വി ട്വൽവ് ഓട്ടോ ക്രോസിലാണ് ഈ ബി.എ സോഷ്യോളജിക്കാരൻ മികച്ചനേട്ടം കൈവരിച്ചത്. രണ്ടുമാസം മുമ്പ് തൃശൂർ പുല്ലഴിയിൽ നടന്ന 1.1 സി സി ഫിസ്റ്റ് ഓഫ് ഫൈവ് ദേശീയ മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റോക്ക് കാറ്റഗറിയിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.
വെറും അഞ്ചു മാസം മുമ്പ് മത്സര വേദികളിലെത്തിയ സാഗർ പാലക്കാട് ടീം ആർ -സ്പോർട്സിനു വേണ്ടിയാണ് ട്രാക്കിലിറങ്ങുന്നത്. അടുത്തമാസം ഇന്ത്യൻ മോട്ടോർ സ്പോർട്സ് ക്ലബ് ഫെഡറേഷൻ (എഫ്.എം.എസ്.സി.ഐ) അംഗീകാരത്തോടെ നടക്കുന്ന 1.1 സി സി സ്റ്റോക്ക്, 1.4 സി സി അമേച്വർ കാറ്റഗറി മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിൽ ഇപ്പോഴുള്ള 1.1 സി.സി മാരുതി സെൻ മാറ്റി 1.6 സിസി കാർ ഉപയോഗിക്കേണ്ടതുണ്ട്. അതുൾപ്പെടെയുള്ള ഒരുക്കങ്ങൾക്കായുള്ള തിരക്കിലാണ് സാഗർ. പയ്യന്നൂർ എടാട്ട് ദേശീയ പാതയിൽ ട്രാക്ക് സോൺ എന്ന കാർ ആക്സസറീസ് ഷോറൂം നടത്തിവരികയാണ്. തൃക്കരിപ്പൂരിലെ ആദ്യകാല ടാക്സ് കൺസൾട്ടന്റായ പരേതനായ വി.കെ. മധുവിന്റെയും ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ച ശ്യാമളയുടെയും മകനാണ്. ഭാര്യ: ആതിര. മകൻ: ഐനിക്. സഹോദരൻ സൂരജ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.
ബാലൻസിംഗ് വീൽ മത്സരത്തിലൂടെ തുടക്കം
ചെറുപ്രായത്തിൽ ബൈക്ക് ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങളിൽ ബാലൻസിംഗ് വീൽ മത്സരങ്ങളിലായിരുന്നു തുടക്കം. 18 വയസു മുതൽ ഉത്തരമലബാറിൽ നടന്ന നിരവധി ബൈക്ക് സ്ലോ റേസുകളിൽ ഒന്നാമനായി. 12 വർഷം മുമ്പ് അടുത്ത സൃഹൃത്തുക്കൾക്കൊപ്പം ആൾട്ടോ കാറുമായി കർണ്ണാടകത്തിലെ പ്രമുഖമായ കുടജാദ്രി ശൃംഗത്തിന് മുകളിൽ കയറിയത് സാഗറിനൊപ്പം സഞ്ചരിച്ചവർ ഇന്നും നടുക്കത്തോടെയാണ് ഓർക്കുന്നത്. പ്രത്യേക പരിശീലനം നേടിയ കുടജാദ്രിയിലെ നാട്ടുകാരായ ജീപ്പ് ഡ്രൈവർമാർ മാത്രം കയറിയിരുന്ന മലയിലേക്കാണ് കുഞ്ഞ് ആൾട്ടോ കാറുമായി അന്ന് സാഗർ അനായാസമായി കയറിയത്. പിന്നീടാണ് സാഹസിക ഇനമായ കാറോട്ടത്തിൽ ഒരു കൈ നോക്കിയത്.
പ്രത്യേക പരിശീലനം പൂർത്തിയായവർ മാത്രം നേടുന്ന വിജയം യാതൊരു പരിശീലനവും ഇല്ലാതെ സ്വന്തം ആത്മവിശ്വാ സത്തിലൂടെയാണ് ഈ യുവാവ് കൈപ്പിടിയിലൊതുക്കിയത്.
ബൈക്ക് ബാലൻസിംഗ് വീൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പിതാവ് നൽകിയ പിന്തുണയാണ് പിന്നീട് കാർ റേസുകളിൽ കരുത്തായത്. കടമ്പകൾ ഏറെയുണ്ടെങ്കിലും പ്രമുഖ കാറോട്ട മത്സരമായ ഫോർമുല വൺ സീരിസിൽ പങ്കെടുക്കുകയാണ് ലക്ഷ്യം.
എം.എസ് സാഗർ