thattukada
ഷാജഹാന്റെ ചായക്കട

കാഞ്ഞങ്ങാട്: ചായയ്ക്കൊപ്പം സംഗീതവും പകർന്ന് നാട്ടുകാരുടെ മനംകവരുകയാണ് കുശാൽനഗർ റോഡിൽ പൊലീസ് സ്റ്റേഷനു സമീപത്തെ തട്ടുകടക്കാരൻ ഷാജഹാൻ. ഉപജീവനമാർഗം തേടി കേരളത്തിലെത്തിയ കൊൽക്കത്തക്കാരൻ ഷാജഹാനാണ് പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട് ചായക്കടയും പാട്ടുമായി ജീവിതം ആസ്വാദ്യകരമാക്കുന്നത്. 25 വർഷം മുമ്പ് കൊൽക്കത്തയിലെ മിഥിലാപുരിയിൽ നിന്നും തൊഴിൽതേടി പയ്യന്നൂരിൽ എത്തിയ ഷാജഹാൻ ഹോട്ടൽ ജോലിയാണ് ചെയ്തുവന്നത്.

പിന്നീട് ഏറേക്കാലം കൊയിലാണ്ടിയിലും ഹോട്ടൽ തൊഴിലാളിയായി. അവിടെ വച്ച് മലയാളിയായ സുഹറയെ വിവാഹം കഴിച്ചു. പിന്നീടാണ് ഷാജഹാൻ കാഞ്ഞങ്ങാട്ടേക്ക് വണ്ടി കയറുന്നത്. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം പോറ്റാനായി കഠിനാദ്ധ്വാനിയായ ഷാജഹാൻ കാഞ്ഞങ്ങാട്ട് സ്വന്തമായൊരു തട്ടുകട തുടങ്ങി. അദ്ധ്വാനഭാരം ആയാസരഹിതമാക്കാനായാണ് ജോലിക്കിടയിൽ ഷാജഹാൻ പാട്ടുകൾ മൂളിത്തുടങ്ങിയത്. ഇപ്പോൾ ഈ തട്ടുകടയിൽ എത്തുന്നവർക്ക് ചായയിൽ പാലിന് പുറമെ പാട്ടിന്റെ മേമ്പൊടി കൂടി ചേർത്താണ് ഷാജഹാൻ നൽകുന്നത്. മലയാളികളോട് പ്രത്യേകിച്ച് കാഞ്ഞങ്ങാട്ടുകാരോട് വലിയ ബഹുമാനവും ആദരവുമുണ്ടെന്ന് ഷാജഹാൻ പറയുന്നു.

കൊവിഡ് കാലത്ത് വരുമാനമില്ലാതെ പട്ടിണിയിലായ തനിക്കും കുടുംബത്തിനും ഭക്ഷണവും കിടപ്പാടവും തന്ന നഗരസഭയോടും കാഞ്ഞങ്ങാട്ടുകാരോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് പറയുമ്പോൾ ഷാജഹാന്റെ കണ്ണുകൾ ഈറനണിയുന്നു. ചായക്കടക്കാരൻ ആണെങ്കിലും ആള് ചില്ലറക്കാരനല്ല. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നഡ,​ തമിഴ് ഉൾപ്പെടെ 12 ഓളം ഭാഷകൾ ഈ 45കാരന് നന്നായി വഴങ്ങും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം തട്ടുകട തുറക്കാൻ കഴിക്കാതിരുന്നപ്പോൾ മത്സ്യവിൽപന നടത്തിയും ഷാജഹാൻ പ്രതിസന്ധികളെ അതിജീവിച്ചു.