മാഹി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്തെ വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാൻ നീക്കങ്ങളാരംഭിച്ചു. ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം നടപടിക്രമങ്ങൾ പൂർത്തിയായതായി അറിയുന്നു. ടെണ്ടർ വിളിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. കേന്ദ്രപൂളിൽ നിന്ന് കേരളം വഴിയാണ് മാഹിക്ക് നാളിതേ വരെ വൈദ്യുതി ലഭിച്ചു വന്നിരുന്നത്.
മാഹിയിലെ 65 ജീവനക്കാർ ഉൾപ്പടെ 2600 ജീവനക്കാരാണ് പുതുച്ചേരിയിൽ വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്നത്.
സ്വകാര്യവൽക്കരിക്കപ്പെടുന്നതോടെ, കുത്തക കമ്പനികളുടെ ഇംഗിതത്തിന്നനുസരിച്ചായിരിക്കും വൈദ്യുതി ചാർജ്ജുകൾ ഉപഭോക്താക്കൾക്ക് അടക്കേണ്ടി വരിക. നിലവിൽ കേരളത്തിനേക്കാൾ വൈദ്യുതി നിരക്ക് മാഹിയിൽ കുറവാണ്.
വർഷങ്ങളായി വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ സ്വകാര്യ കുത്തക കമ്പനികളുടെ ജീവനക്കാരായി മാറും. ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകുല്യങ്ൾ പോലും അനിശ്ചിതത്വത്തിലാവും.
പുതുച്ചേരി വൈദ്യുതി വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രസരണ വിതരണനഷ്ടം താരതമ്യേന കുറവാണ്. കുടിശ്ശിക പിരിച്ചെടുക്കുന്ന കാര്യത്തിലും ഏറെ മുൻപന്തിയിലാണ്. താരതമ്യേന മെച്ചപ്പെട്ട സേവനങ്ങളാണ് ജീവനക്കാർ നൽകിവരുന്നതും. അറ്റകുറ്റപണികൾക്കാവശ്യമായ വൈദ്യുതി ഉപകരണങ്ങളുടേയും, സാമഗ്രികളുടേയും ലഭ്യതക്കുറവല്ലാതെ മറ്റ് പരാതികളൊന്നും നിലനിൽക്കുന്നുമില്ല. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ സാദ്ധ്യത കുറയുകയും, കമ്പനി ജോലിക്കെടുക്കുന്നവർക്ക് തുച്ഛമായ വേതനത്തിൽ ജോലി ചെയ്യേണ്ടി വരികയും ചെയ്യും. വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ ബഹുജന പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.
മറ്റ് പോംവഴികളൊന്നും മുന്നിലില്ലാത്തതിനാലാണ് നിലനിൽപ്പിന് വേണ്ടിയുള്ള അന്തിമ പോരാട്ടത്തിന് തൊഴിലാളികളൊന്നടങ്കം തയ്യാറായിട്ടുള്ളത്. ഫെബ്രുവരി ഒന്ന് മുതൽ സംസ്ഥാന വ്യാപകമായി ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
എം.സി. ജീവാനന്ദൻ, കൺവീനർ സംയുക്ത സമരസമിതി
ജനജീവിതത്തെ സാരമായി ബാധിക്കുന്ന പണിമുടക്ക് ഒത്ത് തീർപ്പാക്കണം.
കെ. ഹരിദാസൻ
പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻ, മാഹി
ജീവനക്കാരെ മാത്രമല്ല, പൊതുജനങ്ങളെയാകെ പ്രതികൂലമായി ബാധിക്കുന്ന സ്വകാര്യവൽക്കരണത്തിൽ നിന്നും സർക്കാർ പിന്തിരിയണം
ദാസൻ കാണി,
വർക്കിംഗ് പ്രസിഡന്റ്, ജനശബ്ദം, മാഹി
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള തീരുമാനം പുനഃപരിശോധിക്കണം.
കെ. ഹരീന്ദ്രൻ
ഐ.എൻ.ടി.യു.സി, ദേശീയ പ്രവർത്തക സമിതി അംഗം