കണ്ണൂർ: ജില്ലയിൽ കൊവിഡ് വ്യാപനം ഏറുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, തളിപ്പറമ്പ് സി.എസ്.എൽ.ടി.സി എന്നിവിടങ്ങളിൽ ഐ.സി.യു കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി എം.വി ഗോവിന്ദൻ നിർദ്ദേശം നൽകി. കളക്ടറേറ്റിൽ കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ കൊവിഡ് കിടക്കകളുടെ എണ്ണവും വർദ്ധിപ്പിക്കും. ജില്ലക്ക് കൂടുതലായി അനുവദിച്ച ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ഉപയോഗപ്പെടുത്തി ഇതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യണം.

57 ഡോക്ടർമാരടക്കം 328 പേരെയാണ് കൂടുതലായി ജില്ലക്ക് അനുവദിച്ചത്. പേരാവൂർ സി.എഫ്.എൽ.ടി.സിയുടെ പ്രവർത്തനവും ആരംഭിക്കും. ജില്ലയിൽ നിലവിൽ ആശങ്കാജനകമായ സ്ഥിതിയില്ലെന്ന് ഡി.എം.ഒ യോഗത്തെ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ 30 ശതമാനം കിടക്ക കൊവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്ന നിർദേശം പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടിരുന്നു. ഇത് കർശനമായി പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റീവ് ആകുന്ന ഗർഭിണികളെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന സമീപനം സ്വകാര്യ ആശുപത്രികൾ സ്വീകരിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല.

ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ ശൈലജ , കെ.പി. മോഹനൻ, അഡ്വ. സജീവ് ജോസഫ്, അഡ്വ. സണ്ണി ജോസഫ്, കെ.വി സുമേഷ്, മേയർ ടി.ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ പങ്കെടുത്തു,

കൺട്രോൾ സെൽ വഴിയേ റഫർ ചെയ്യാവൂ

ജില്ലാ കൺട്രോൾ സെൽ വഴി മാത്രമേ കൊവിഡ് രോഗികളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാവൂ. നേരിട്ടയക്കുന്ന രീതി സ്വകാര്യ ആശുപത്രികൾ അവസാനിപ്പിക്കണം. ഡയാലിസിസ് വേണ്ട കൊവിഡ് രോഗികൾക്ക് ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തണമെന്നും യോഗം നിർദ്ദേശം നൽകി. എടക്കാട് ഡയാലിസിസ് സെന്റർ തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ഡി.എം.ഒ യോഗത്തെ അറിയിച്ചു.