tourism
പണി പൂർത്തിയാവുന്ന കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ

നീലേശ്വരം: ജീവിതത്തിലെ ആഘോഷങ്ങൾക്ക് നിറം പകരാൻ ഇനി നീലേശ്വരം കോട്ടപ്പുറത്തെത്താം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിൽ ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസ്സായ വിവധോദ്ദേശ ആഘോഷവേദി കോട്ടപ്പുറത്ത് ഒരുങ്ങി. 500 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കോട്ടപ്പുറത്തെ ടൂറിസം വകുപ്പിന്റെ ഫ്ലോട്ടിംഗ് ബോട്ട് ജെട്ടിയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി മാറ്റിയിരിക്കുന്നത്.

എട്ടു കോടി രൂപ മുതൽ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമ്മിക്കുന്ന ഹൗസ്‌ബോട്ട് ടെർമിനലിന്റെ പ്രവർത്തനം ഏപ്രിലിൽ ആരംഭിക്കുന്നതോടെ ഹൗസ് ബോട്ടുകളുടെ എണ്ണവും, അതിന് ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വൻതോതിൽ വർദ്ധിക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ഹൗസ്‌ബോട്ട് യാത്രയിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുന്ന വേദിയുടെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡി.ടി.പി.സി ഉദ്ദേശിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ നടത്തിപ്പിനായി വേദി ആവശ്യമുള്ളവർക്കുള്ള അപേക്ഷ ഫോറം വിദ്യാനഗറിലുള്ള ഡി.ടി.പി.സി ഓഫീസിൽ നിന്നും ലഭിക്കും.

വിവാഹവുമായി ബന്ധപ്പെട്ട ഔട്ട് ഡോർ ഫോട്ടോ ഷൂട്ടിംഗ്, പിറന്നാളാഘോഷം, അത്താഴ സൽക്കാരം, കുടുംബ സംഗമം, വാലൻടൈൻസ് ഡേ സെലിബ്രേഷൻ, കാൻഡിൽ ലൈറ്റ് ഡിന്നർ എന്നിവയ്ക്ക് ആകർഷകമായ വേദിയാക്കി ഇത് മാറ്റാവുന്നതാണ്

ലജോ ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി