തളിപ്പറമ്പ്: നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കൗൺസിൽ യോഗത്തിൽ വാക്ക്പോരും നടന്നു. ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് കൗൺസിലർമാർ കേന്ദ്രത്തിനെതിരെയും സംസ്ഥാനത്തിനെതിരെയും വിമർശനം ഉന്നയിച്ചത്.

നഗരസഭയുടെ ഫണ്ട് വിഹിതത്തിൽ 1,47,07,000 രൂപയാണ് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചത്. ഈ പണം നഗരസഭയുടെ മറ്റ് ഫണ്ടുകളിൽ നിന്ന് കണ്ടെത്താനുള്ള അനുമതി തേടിയാണ് നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചുചേർത്തത്. കാർഷികാവശ്യങ്ങൾക്ക് വകയിരുത്തിയ 30 ലക്ഷം രൂപയും നഗരസഭാ ടൗൺഹാളിന് നീക്കിവച്ച 55 ലക്ഷവും വാഹനം വാങ്ങാനായുള്ള 10 ലക്ഷം രൂപയും വകമാറ്റി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഏകകണ്ഠമായുള്ള തീരുമാനമുണ്ടാവണമെന്നും അവർ അഭ്യർത്ഥിച്ചു. കേന്ദ്രം ഫണ്ട് നല്‍കാത്തതിനാലാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്നായിരുന്നു സി.പി.എം വാദം. എന്നാൽ മലപ്പുറം ഒഴികെ കേരളത്തിലുള്ള മറ്റ് നഗരസഭകൾക്കുള്ള ഫണ്ട് മാത്രമാണ് സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതെന്നും കേന്ദ്രം നോൺറോഡ്- റോഡ് എന്നിങ്ങനെ വ്യത്യസ്തമായ രീതിയിലാണ് ഫണ്ട് നല്‍കുന്നതെന്നും അതിൽ കുറവൊന്നും വരുത്തിയിട്ടില്ലെന്നും ബി.ജെ.പി.കൗൺസിലർമാർ പറഞ്ഞു.

നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, സ്ഥിരം സമിതി ചെയർമാൻ പി.പി. മുഹമ്മദ്‌ നിസാർ, പ്രതിപക്ഷ നേതാവ് ഒ. സുഭാഗ്യം, പി.വി. സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഒടുവിൽ കൗൺസിൽ ഏകകണ്ഠമായി പദ്ധതി വിഹിതം വകമാറ്റാനുള്ള തീരുമാനം അംഗീകരിച്ചു. കൗൺസിൽ പരിഞ്ഞ ശേഷം യു.ഡി.എഫ് കൗൺസിലർമാർ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ നഗരത്തിൽ പ്രതിഷേധ പ്രകടനവും നടത്തി. ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൺ കല്ലിങ്കീൽ പത്മനാഭൻ, തുടങ്ങിയവർ നേതൃത്വം നൽകി.